കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ തീവ്രരോഗലക്ഷണങ്ങള്‍ സൃഷ്‌ടിക്കുന്നതായി കോവിഡ് രോഗവിദഗ്‌ധര്‍. കോവിഡ് ബാധിച്ച് മുൻപ് ചികിത്സയിൽ കഴിഞ്ഞിരുന്നവര്‍ക്ക് അനുഭവപ്പെട്ട രോഗലക്ഷണങ്ങളില്‍നിന്നു വ്യത്യസ്‌തമായാണു വകഭേദം വന്ന വൈറസിന്റെ പ്രവര്‍ത്തനം. പനി, നേരിയ ശരീരവേദന, തലവേദന എന്നിവയായിരുന്നു മുൻപ് ലക്ഷണങ്ങളെങ്കില്‍ പുതിയ വകഭേദം ഛര്‍ദിയും ത്വക്കില്‍ അടയാളങ്ങളുമുണ്ടാക്കുന്നു. രോഗം ബാധിച്ച് 2-3 ദിവസത്തിനകം ശാരീരികാവസ്‌ഥ മോശമാകുന്നതായും തെളിഞ്ഞു. മുൻപ് ഒരാഴ്‌ചയെങ്കിലും കഴിഞ്ഞായിരുന്നു ഈയവസ്‌ഥ.
വൈറസിന്റെ വകഭേദം വേഗത്തില്‍ രോഗം പടര്‍ത്തുന്നതിനൊപ്പം മരണനിരക്ക് കൂട്ടുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
ആഴ്‌ചകള്‍ക്കു മുൻപ്, രാജ്യത്തെ പ്രതിദിനരോഗികളുടെ എണ്ണം 12,000 ആയിരുന്നു. നിലവില്‍ ഒന്നരലക്ഷത്തിലെത്തി. മരണനിരക്കും ഉയരുകയാണ്.
ആശയക്കുഴപ്പം മൂലം വാക്‌സിന്‍ പാഴായിപ്പോകുന്നുണ്ടെന്നും കോവിഡ് രോഗവിദഗ്‌ധന്‍ ഡോ. ടിങ്കു ജോസഫ് ചൂണ്ടിക്കാട്ടി. രാജ്യത്ത് നൂറില്‍ 15 വാക്‌സിന്‍ ഉപയോഗശൂന്യമാകുന്നു. രണ്ടാം ഡോസ് എടുക്കുന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ആദ്യ ഡോസ് കുത്തിവച്ച് നാലാഴ്‌ച കഴിഞ്ഞേ രണ്ടാം ഡോസ് എടുക്കാവൂവെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. പിന്നീട് ഈ കാലയളവ് 6-7 ആഴ്‌ചയാക്കി. രണ്ടാം ഡോസ് 6-8 ആഴ്‌ച കഴിഞ്ഞാണെങ്കില്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന വാദവുമുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരും കോവിഡ് ബാധിതരാകുന്നുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. എന്നാല്‍, വാക്‌സിന്‍ സ്വീകരിച്ചവരെ വൈറസ് ബാധിച്ചാലും ശക്‌തി കുറഞ്ഞിരിക്കും.

