കോവിഡ് വാക്സിന്റെ പേരിൽ തട്ടിപ്പ്;ആൻഡ്രോയ്ഡ് ഉപയോക്താക്കൾ സൂക്ഷിക്കുക.

ഇന്ത്യയിൽ വാക്സിനേഷൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ആളുകൾ പാടുപെടുന്ന അവസരത്തിൽ ഇതിന്റെ പേരിൽ തട്ടിപ്പും വർധിച്ചു വരുന്നു. ഒരു ആപ്ലിക്കേഷൻ വഴി വാക്സിൻ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന മെസേജ് വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഈ മെസേജ് ആധികാരികമല്ലെന്നും മാൽവെയർ ലിങ്കുമായി വരുന്നതാണ് എന്നും ഈ ലിങ്കിൽ ക്ലിക്കുചെയ്യുമ്പോൾ മാൽവെയറുള്ള ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ.

ആൻഡ്രോയിഡ് ഉപയോക്താക്കളെയാണ് വാക്സിനേഷന്റെ പേരിലുള്ള തട്ടിപ്പ് മെസേജ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് വേരിയന്റുകളിലുള്ള മെസേജുകളാണ് ഇതുവരെ സൈബർ സുരക്ഷാ ഏജൻസി കണ്ടെത്തിയിട്ടുള്ളത്. ഇതിനെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അഥവാ സി‌ആർ‌ടി-ഇൻ ആണ് മുന്നറിയിപ്പ് നൽകിയത്. “കൊവിഡ്-19 വാക്‌സിനായി രജിസ്റ്റർ ചെയ്യാൻ ആളുകളെ സഹായിക്കുന്ന ഒരു ആപ്പ് ഉണ്ടെനന് അവകാശപ്പെടുന്ന വ്യാജ മെസേജ് പ്രചാരത്തിലുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.