പക്ഷിപ്പനി; ജില്ലകളിൽ ജാഗ്രത, പക്ഷികളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗം റിപ്പോര്‍ട്ട്‌ചെയ്ത മേഖലകള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെ ഇന്ന് മുതല്‍ കൊന്നുതുടങ്ങും.മൂന്ന് ദിവസം കൊണ്ട് താറാവുകളെ കൊല്ലുന്ന ജോലികള്‍ തീര്‍ക്കാനാണ് തീരുമാനം.ആലപ്പുഴ ജില്ലയിലെ നെടുമുടി, കരുവാറ്റ, കോട്ടയം ജില്ലയിലെ അയ്മനം, കല്ലറ, വെച്ചൂര്‍ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ ഇരുപതിനായിരവും കോട്ടയത്ത് മുപ്പത്തിഅയ്യായിരവും പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. കോട്ടയത്ത് ഇതിനായി 10 ദ്രുതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്ന് താറാവിനെ കൊണ്ടുവരുന്നത് തടയാനും നിര്‍ദേശം നല്‍കി.