മുല്ലപ്പെരിയാര്‍: നവംബര്‍ 11 വരെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ 11 വരെ 139.50 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതിയുടെ നിർദേശം. മേൽനോട്ട സമിതി അംഗീകരിച്ച റൂൾ കേർവ് പ്രകാരം നവംബർ 10 വരെ 139.50 അടിയാണ് പരമാവധി ജലനിരപ്പ്. ഇത് നിലനിർത്താനാണ് സുപ്രീംകോടതി നിർദേശിച്ചത്. 138 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

അതേസമയം കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കേർവിനെ സംബന്ധിച്ച് തങ്ങൾക്ക് എതിർപ്പുണ്ടെന്ന് കേരളത്തിനായി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റൂൾ കേർവിനെതിരായ സംസ്ഥാനത്തിന്റെ വാദം വിശദമായി കേൾക്കാനും കോടതി തീരുമാനിച്ചു. നവംബർ 11ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ഇതുവരെയുള്ള താത്കാലിക ക്രമീകരണം എന്ന നിലയിലാണ് ജലനിരപ്പ് 139.50 അടിയായി നിലനിർത്താൻ നിർദേശിച്ചത്.