എസ്എസ്എൽസി, പ്ലസ്ടു പരീക്ഷഫലങ്ങൾ വൈകും

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപിള്‍ ലോക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ എന്ന് നടത്തും എന്നതില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.മെയ്‌ 15 മുതല്‍ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയവും മെയ്‌ 5 മുതല്‍ പ്ലസ് ടു മൂല്യനിര്‍ണയ ക്യാംപുകളും ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനു കഴിഞ്ഞിട്ടില്ല.ഞായറാഴ്ച മുതല്‍ മൂല്യനിര്‍ണയം ആരംഭിച്ച്‌ ജൂണ്‍ ആദ്യവാരം എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഈ വര്‍ഷത്തെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ലോക്ഡൗണിനു ശേഷം ക്യാംപുകള്‍ നടത്തണമെന്ന് ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെടുന്നു.കോവിഡ് സാഹചര്യത്തില്‍ അധ്യാപകര്‍ വീടുകളില്‍ ഇരുന്ന് മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ അധ്യാപക സംഘടനകള്‍ ഇതുവരെ വീടുകളിലെ മൂല്യനിര്‍ണയത്തെ പിന്തുണച്ചിട്ടില്ല. വീടുകളില്‍ മൂല്യനിര്‍ണയം ആരോപണങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് അഭിപ്രായം.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗുരുതര സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്തുളളത്. അതുകൊണ്ടതന്നെ മൂല്യനിര്‍ണയത്തിന് കഴിഞ്ഞ വര്‍ഷം സ്വീകരിച്ച നടപടികള്‍ ഈ വര്‍ഷം നടപ്പാക്കാനും കഴിയില്ല.