സിബിഎസ്ഇ പരീക്ഷയിൽ അനിശ്ചിതത്വം തുടരുന്നു; യോഗം വിളിച്ചു മോദി

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. തീരുമാനം കോടതിയെ അറിയിക്കാന്‍ ആലോചന. വിഷയം കോടതിയിലായതിനാല്‍ പ്രഖ്യാപനം വേണ്ടെന്നാണ് നിയമോപദേശം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. സാഹചര്യം വിദ്യാഭ്യാസമന്ത്രാലയം പ്രധാനമന്ത്രിയെ അറിയിക്കും.പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നലെ പരിഗണിച്ച സുപ്രീംകോടതി തീരുമാനം വ്യാഴാഴ്ചയ്ക്കുള്ളില്‍ കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശത്തില്‍ രേഖാമൂലം പ്രതികരണം നല്‍കിയിട്ടുണ്ട്.

ചില സംസ്ഥാനങ്ങള്‍ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ 9, 10,11 ക്ലാസ്സുകളിലെ മാര്‍ക്ക് പരിഗണിച്ച ശേഷം ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.