മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

അഫ്ഗാനില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. രാത്രിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം താലിബാന്‍ റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു.

കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് റോയിട്ടേഴ്സ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള സ്പിന്‍ ബൊല്‍ദാക്.

റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകര്‍ത്തിയ രണ്ടാം കൊവിഡ് തരംഗത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ല്‍ റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ക്കാണ് ഡാനിഷിനെ പുലിറ്റ്സര്‍ തേടിയെത്തിയത്.