സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം. മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് 3:30നാണ് ചേരുക. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം നടക്കുക.
80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ മുസ്ലീം സംഘടനകളും, നിലപാടറിയിച്ച് വിവിധ ക്രൈസ്തവസംഘടനകളും രംഗത്തെത്തിയിരുന്നു. ഇടതുമുന്നണിയിലും ഇക്കാര്യത്തില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയം ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാട്.ഇതിന്റെ ഭാഗമായാണ് ചര്‍ച്ച.
സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍

