മഹാമാരിയെ അവഗണിച്ച് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആളുകളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നോക്കിയതാണ് കോവിഡ്സ്ഥിതി രാജ്യത്ത് വഷളാക്കിയതെന്നും ചിത്തഭ്രമം ബാധിച്ച സര്‍ക്കാരാണ് മോഡിയുടേതെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍.ശക്തികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് വളരെ മികച്ച രീതിയില്‍ പ്രതിരോധസംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആശങ്കകളും നിരുത്തരവാദപരമായ പെരുമാറ്റവും സ്ഥിതി വഷളാക്കിയെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.
‘മഹാമാരി പടരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കുന്നതിന് പകരം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് ക്രഡിറ്റുണ്ടാക്കാനുള്ള ശ്രമമാണ് മോഡി നടത്തിയത്.സര്‍ക്കാരിന് സ്‌കീസോഫ്രീനിയ ബാധിച്ചതിന്റെ ഫലമാണിത്,’ അമര്‍ത്യാസെന്‍ പറഞ്ഞു.
ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന ക്രെഡിറ്റിന് വേണ്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. അതുകൊണ്ടു തന്നെ സ്വന്തം രാജ്യത്ത് പടരുന്ന മഹാമാരിയെ നിയന്ത്രിക്കാനായില്ല.ക്രെഡിറ്റ് പിടിക്കാന്‍ മാത്രം ശ്രദ്ധിക്കുന്നത് അത്ര നല്ല കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാര്‍ അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ, സാമൂഹ്യ അസമത്വങ്ങള്‍, വളര്‍ച്ചാ നിരക്കിലെ ഇടിവ്, എന്നിവ റെക്കോര്‍ഡ് ഉയരങ്ങളിലാണ്.ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സാമ്ബത്തികവും സാമൂഹ്യവുമായ നയങ്ങളിലും കാര്യമായ മാറ്റം ഉണ്ടാവണമെന്നും അമര്‍ത്യസെന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്ര സേവ ദള്‍ മീറ്റിംഗിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

