ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഇന്ന് സാധാരണമാണെങ്കിലും, കോവിഡ് പോസിറ്റീവായ ദാതാവിന്റെ ഹൃദയം കോവിഡ് നെഗറ്റീവായ രോഗിയിലേക്ക് മാറ്റിവെക്കുന്ന അപൂർവ ശസ്ത്രക്രിയയ്ക്ക് വേദിയായി വത്തിക്കാനിലെ ‘ബംബീനോ ജെസു’ ആശുപത്രി. കുട്ടികൾക്കുവേണ്ടിയുള്ള പാപ്പയുടെ ആശുപത്രി എന്ന പേരിൽ വിഖ്യാതമാണ് ഉണ്ണീശോയുടെ നാമധാരിയായ ‘ബംബീനോ ജെസു’ ആശുപത്രി. കുട്ടികളിൽ, ഇത്തരം ഹൃദയം മാറ്റിവെക്കൽ ആദ്യത്തേതാണെന്നാണ് റിപ്പോർട്ടുകൾ.
ഗുരുതരമായ ഹൃദ്‌രോഗം മൂലം മരണവുമായി മല്ലടിച്ചിരുന്ന 15 വയസുകാരനാണ് ഈ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കോവിഡ് ബാധിക്കാതിരിക്കാനുള്ള ചികിത്സകളും ഇതോടൊപ്പം നടത്തുകയാണെന്നും മറ്റു കാര്യങ്ങളിൽ കുട്ടിയുടെ അവസ്ഥ തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. നാഷണൽ ട്രാൻസ്പ്ലന്റ് സെന്റർ, ഇറ്റാലിയൻ ഫാർമസ്യൂട്ടിക്കൽ ഏജൻസി എന്നിവയുടെ അംഗീകാരമാണ് അപൂർമായ ഈ ശസ്ത്രക്രിയ സാധ്യമാക്കിയത്.
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലെ വലിയ വെല്ലുവിളി അനുയോജ്യമായ ഹൃദയം ലഭിക്കുക എന്നതാണ്. കുട്ടികളുടെ കാര്യത്തിൽ ഇത് പിന്നെയും സങ്കീർണമാണ്. ലക്ഷത്തിൽ ഒരു കുട്ടിക്ക് ഉണ്ടാകുന്ന ഹൃദ്‌രോഗംമൂലം കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ 15 വയസുകാരന്റെ അവസ്ഥ മോശമായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് അനുയോജ്യമായ ഹൃദയം ലഭിക്കുന്നത്. ജീവിതമോ മരണമോ തിരഞ്ഞെടുക്കാവുന്ന ആ ഘട്ടത്തിൽ സങ്കീർണമെങ്കിലും അനിവാര്യമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു,’ ബാംബിനോ ജെസുവിലെ പ്രൊഫസർ അന്റോണിനോ അമോഡിയോ പറഞ്ഞു.
വത്തിക്കാന്റെ മേൽനോട്ടത്തിൽ 1869 മാർച്ച് 19ന് പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ പ്രതിവർഷം 28,000ൽപ്പരം കുട്ടികൾ ചികിത്‌സതേടി എത്തുന്നുണ്ട്. 607 കിടപ്പുരോഗികളെ ഉൾകൊള്ളാനുള്ള സൗകര്യമുണ്ട്. നാലു ആശുപത്രികളെയും സംരക്ഷണ കേന്ദ്രങ്ങളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ബംബിനോ ജെസു’വിൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട 29,000 ചികിൽസകളും 84,000 അത്യാഹിത ചികിത്‌സാ പ്രവേശനങ്ങളും ഒരു വർഷം നടക്കുന്നു. കമ്പോഡിയ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ജോർദാൻ, സിറിയ, ഇന്ത്യ, താൻസാനിയ, ജോർജിയാ, റഷ്യ, ചൈന, എത്യോപ്യ എന്നീ രാഷ്ട്രങ്ങളുമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.

