ബി.ജെ.പി മുന്‍ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 1996-ലെ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ 13 ദിവസം മാത്രം നിലനിന്ന സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതല്‍ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2000-01 കാലയളവില്‍ തെഹല്‍ക വിവാദം മൂലം രാജിവെച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി. 2002-ല്‍ വീണ്ടും ധനകാര്യ മന്ത്രിയായി. ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗമായിരുന്ന നേതാക്കളില്‍ ഒരാളായിരുന്നു ജസ്വന്ത് സിംഗ്.
അഞ്ച് തവണ രാജ്യസഭയിലേക്കും (1980, 1986, 1998, 1999, 2004) നാല് തവണ ലോക്സഭയിലേക്കും (1990, 1991, 1996, 2009) ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു.
വാജ്‌പേയി ഭരണകാലത്ത് (1998-2004) ധനകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രിസഭാ വകുപ്പുകള്‍ വിവിധ സമയങ്ങളില്‍ അദ്ദേഹം കൈകാര്യം ചെയ്തു. ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്‍മാനായും (1998-99) അദ്ദേഹം സേവനമനുഷ്ഠിച്ചു.