ഡോ. ഹിമ സുബിന്‍ മാത്യു,
ജോസഫ് മാത്യു കൂനംതടത്തില്‍
കേരളത്തില്‍ ധാരാളമായി കാണുന്ന ഐഇഎല്‍ടിഎസ് കോച്ചിംഗ് കേന്ദ്രങ്ങളും വീസാ റിക്രൂട്ടിംഗ് ഏജന്‍സികളും നാട്ടില്‍നിന്നു പലായനം ചെയ്യുന്ന യുവജനങ്ങളുടെ എണ്ണം കൂടുന്നതിന്‍റെ പ്രതീകങ്ങളാണ്. ഇങ്ങനെ പലായനം ചെയ്യുന്നവരില്‍ ഗണ്യമായ പങ്ക് ക്രൈസ്തവരാണെന്നതു ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്.
വളർച്ച താഴോട്ട്
കേരള രൂപീകരണസമയത്ത്, കേരളത്തിലെ ക്രെെസ്തവ ജനസംഖ്യ 20.9 ശതമാനം ആയിരുന്നു. (1951 സെന്‍സസ് പ്രകാരം) എന്നാല്‍, അതിനുശേഷമുള്ള പതിറ്റാണ്ടുകളില്‍ ഈ ജനസംഖ്യയില്‍ വലിയ ഇടിവുണ്ടായി. 2011 സെന്‍സസ് പ്രകാരം കേരളത്തിന്‍റെ ക്രെെസ്തവ ജനസംഖ്യ 18.4 ശതമാനം ആണ്. കോവിഡ് മൂലം മാറ്റിവയ്ക്കപ്പെട്ട 2021 സെന്‍സസ് വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഞെട്ടിക്കുന്ന ഇടിവ് സാമുദായിക ജനസംഖ്യയില്‍ പ്രത്യക്ഷപ്പെടാം.
ഇനിയും പോകാനിരിക്കുന്നവർ
ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജനനനിരക്കിലുള്ള കുറവാണ്. എന്നാല്‍, അതിനപ്പുറമുള്ള മറ്റൊരു കാരണമാണ് വിദേശരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് പാശ്ചാത്യനാടുകളിലേക്കുള്ള കുടിയേറ്റം. 2013ലെ ഒരു പഠന റിപ്പോര്‍ട്ടുപ്രകാരം കുറഞ്ഞത് അഞ്ചു ലക്ഷത്തിലധികം കേരള ക്രെെസ്തവര്‍ വിദേശത്തുള്ളതായി കണക്കാക്കപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗവും യുവജനങ്ങളാണ് എന്നു മാത്രമല്ല മിക്കവരും തിരികെ നാടുപിടിക്കാന്‍ ആഗ്രഹിക്കുന്നവരുമല്ല.
പോയവരെക്കാള്‍ പതിന്മടങ്ങാണ് പോകാനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം. കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനായി പഠിക്കുന്നവരുടെയും ആഗ്രഹിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
പഠനത്തിനൊത്ത ജോലിയില്ല
ഇത്തരം കുടിയേറ്റത്തിന്‍റെ മുഖ്യകാരണങ്ങളിലൊന്ന് നാട്ടില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയാണ്. വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസൃതമായ തൊഴില്‍ ലഭിക്കാതെ വരുമ്പോള്‍ യുവജനങ്ങള്‍ വിദേശത്തേക്കു ചേക്കേറാന്‍ ആഗ്രഹിക്കുന്നു. അതിനൊപ്പം പാശ്ചാത്യരാജ്യങ്ങളിലെ ഉയര്‍ന്ന ജീവിതനിലവാരവും തൊഴില്‍ സംസ്കാരവും കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു.
ജോലിയിലല്ല കാര്യം
കുടിയേറുന്നവരില്‍ കുറേയധികം ആളുകള്‍ ആദ്യകാലങ്ങളില്‍ ചെയ്യുന്നത് ചെറിയ പാര്‍ട്ട്ടൈം ജോലിയാണ്. ഇത്തരം തൊഴിലുകള്‍ നാട്ടില്‍ ചെയ്യുന്നതില്‍നിന്ന് അവരെ വിലക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന മോശപ്പെട്ട തൊഴില്‍ സംസ്കാരമാണ്. ചെറിയ തൊഴിലുകളെ തരംതാഴ്ത്തി കാണുന്നതു വിലങ്ങുതടിയാകുന്നു.
സംവരണവും പ്രശ്നമാണ്
ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം, സര്‍ക്കാര്‍ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉദ്യോഗവും നേടിയെടുക്കുന്നതില്‍ സമുദായം പിന്നോട്ടുപോയി എന്നുള്ള വസ്തുതയാണ്. സംവരണത്തിന്‍റെ രീതികളും എടുത്തു പറയപ്പെടേണ്ട കാര്യമാണ്. നിലവില്‍ ഇന്ത്യയിലെ സംവരണരീതി പട്ടികവര്‍ഗത്തിന് 7.5 ശതമാനം, പട്ടികജാതി വിഭാഗത്തിന് 15 ശതമാനം, ഒബിസി വിഭാഗത്തിന് 27 ശതമാനം, ഇഡബ്ല്യുഎസ് വിഭാഗത്തിനു പത്തു ശതമാനം. അങ്ങനെ ആകെ മൊത്തം 60 ശതമാനം ഉന്നതവിദ്യാഭ്യാസ സര്‍ക്കാര്‍ തൊഴില്‍ സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു സംവരണവും ഇല്ലാതെ ഓപ്പണ്‍ മെറിറ്റില്‍ അവശേഷിക്കുന്നത് 40 ശതമാനം സീറ്റുകള്‍ മാത്രം.
അർഹതപ്പെട്ടത് കിട്ടുന്നില്ല
തീര്‍ച്ചയായും അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് അവര്‍ അനുഭവിച്ച സാമൂഹിക അനീതിയുടെ പേരില്‍ സംവരണം ലഭ്യമാക്കണം. എന്നാല്‍, ക്രെെസ്തവ സമുദായത്തിലെ അര്‍ഹതപ്പെട്ടവര്‍ക്ക് അതു നേടിയെടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പുതുതായി പ്രഖ്യാപിച്ച ഇഡബ്ലുഎസ് സംവരണംപോലും സമുദായാംഗങ്ങളില്‍ പലര്‍ക്കും ലഭിക്കുന്നില്ല. അതിനാല്‍ത്തന്നെ രാജ്യത്തെ മികച്ച അവസരങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കാതെവരുന്നു.
കാര്‍ഷികമേഖല തകര്‍ന്നു
വിദേശ കുടിയേറ്റത്തിന് മറ്റൊരു പ്രധാനപ്പെട്ട കാരണം കൃഷിമേഖലയിലെ തകര്‍ച്ചയാണ്. കാര്‍ഷിക അധിഷ്ഠിത സമൂഹമായതിനാല്‍ കാര്‍ഷികരംഗത്തെ വിലത്തകര്‍ച്ചയും വിളനാശവും നാട്ടിലെ കൃഷിമേഖലയില്‍നിന്നു പിന്തിരിഞ്ഞോടാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നു.
വിദേശകുടിയേറ്റവും പ്രവാസവും പുതിയ പ്രതിഭാസമല്ല. 1980കളിലെ ഗള്‍ഫ് പ്രവാസമാണ് കേരളത്തെ സാമ്പത്തിക അഭിവൃദ്ധിയിലെത്തിച്ചത്. ദേശത്തിന്‍റെ പ്രധാന സാമ്പത്തിക സ്രോതസുകളിലൊന്ന് ഗള്‍ഫ് പണം തന്നെയാണ്. ഭൂരിഭാഗം ഗള്‍ഫ് മലയാളികളും നാടുമായി ബന്ധം വച്ചുപുലര്‍ത്തുന്നവരാണ്.
അവർ തിരികെ വരില്ല
യൂറോപ്യന്‍ ഉപരിപഠനവും പ്രവാസവും നല്ലതുതന്നെ. ആ രാജ്യങ്ങളിലെ മികച്ച സാങ്കേതികവിദ്യയും അനുഭവസമ്പത്തും ഇന്ത്യയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്.
എന്നാല്‍, പാശ്ചാത്യനാടുകളിലേക്കു കുടിയേറുന്നവരില്‍ സിംഹഭാഗവും കാലക്രമേണ ആ രാജ്യങ്ങളിലെ പൗരന്മാരായി തീരുന്നു. തലമുറകള്‍ക്കുള്ളില്‍ നാടുമായുള്ള ബന്ധം പാടേ വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. രക്ഷ വിദേശത്തുമാത്രമാണെന്നുള്ള ചിന്ത നമ്മുടെ യുവതലമുറയെ പിടികൂടിക്കഴിഞ്ഞു. നാട്ടിലെ അവസരങ്ങള്‍ക്കുവേണ്ടി ശ്രമിക്കുകപോലും ചെയ്യാതെ വിദേശ കുടിയേറ്റത്തിനായി ആഗ്രഹിക്കുന്നവരായി അവര്‍ മാറി. ഈ പാശ്ചാത്യ കുടിയേറ്റ ഭ്രമത്തിന്‍റെ അനന്തരഫലങ്ങള്‍ ദൂരവ്യാപകമായിരിക്കും. അത് കുടുംബങ്ങളിലും സമൂഹത്തിലും വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
പരിഹാരം ഉണ്ടാവണം
ഈ വിഷയത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ ക്രെെസ്തവ സമുദായത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ തുടരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അതിന്‍റെ നന്മയെക്കുറിച്ചും യുവത്വത്തെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു. രാജ്യം നല്‍കുന്ന അവസരങ്ങളെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കണം. ഇതിനായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യ വികസനവും നല്‍കേണ്ടിയിരിക്കുന്നു.
സഭ ചെയ്യേണ്ടത്
പ്രതിഭാശാലികളായ യുവജനങ്ങളെ രാജ്യത്തെ ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കണം. തൊഴിലന്വേഷകരായി മാറാതെ തൊഴില്‍ ദാതാക്കളായി മാറാന്‍ ഇവര്‍ക്കു സാധിക്കണം. സ്വയം തൊഴില്‍ സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പരമാവധി പ്രോത്സാഹിപ്പിക്കണം. ഇതിനെ പ്രമോട്ട് ചെയ്യാനായി സഭയ്ക്കു കീഴിലുള്ള ബിസിനസ് മാനേജ്മെന്‍റ് സ്ഥാപനങ്ങളുടെ സഹായത്തോടെ സ്റ്റാര്‍ട്ട് അപ്പ് സീഡ് ഫണ്ടുകള്‍ ആരംഭിക്കാവുന്നതാണ്.135 കോടിയില്‍പരം ജനസംഖ്യയുള്ള ഇന്ത്യയില്‍ മികച്ച വിപണി സാധ്യതകളുണ്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നടത്തിയ പഠനം അനുസരിച്ച് 67 ശതമാനം മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇന്ത്യയെ അവരുടെ പ്രധാന വിപണിയായി കാണുന്നു. ഇത്തരം ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ മാര്‍വാഡി സമൂഹത്തെ കണ്ടു പഠിക്കണം. കുടുംബപരമായുള്ള ഒത്തൊരുമയും പരസ്പര വിശ്വാസവും ഇത്തരം സംരംഭങ്ങള്‍ വിജയിപ്പിക്കാന്‍ അവര്‍ക്കു തുണയാകുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികളായ ബിര്‍ള, ഗോയങ്ക തുടങ്ങി ഫ്ളിപ്കാര്‍ട്ട്, ഓല, ഒയോ തുടങ്ങിയ ന്യൂജന്‍ കമ്പനികളും ഈ സമൂഹത്തില്‍പ്പെട്ടവരുടേതാണ്.
മാത്രമല്ല, കൃഷിമേഖലയിലെ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യ സംസ്കരണം, മൂല്യവര്‍ധനം തുടങ്ങിയവ വഴി ഈ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഒപ്പംതന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉദ്യോഗവും നേടിയെടുക്കാന്‍ പരിശ്രമവും പരിശീലനവും ആവശ്യമാണ്. ഇക്കാര്യത്തില്‍ കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി രൂപതകളുടെ സംയുക്ത സംരംഭമായ സിവില്‍ സര്‍വീസ് അക്കാഡമി, താമരശേരി രൂപതയുടെ സ്റ്റാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. യുവജനങ്ങള്‍ക്കു രാജ്യത്തുനിന്നു പ്രവര്‍ത്തിക്കാനും ശോഭിക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണു വേണ്ടത്.
ക്രെെസ്തവസമൂഹം ഇല്ലാതാകും
വിവിധ രാജ്യങ്ങളിലേക്കു ചിതറി പോകുന്നതിനാല്‍ ക്രെെസ്തവസമുദായത്തിന് ഉണ്ടാകുന്ന സാംസ്കാരികവും സംഘടനാപരവുമായ ക്ഷയം ഗുരുതരമായിരിക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് കേരളത്തിലെ ജൂതസമൂഹം. 1950 കളില്‍ കേരളത്തില്‍ പതിനായിരത്തിന് അടുത്ത് ജൂതര്‍ ഉണ്ടായിരുന്നു. വിദേശരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇസ്രയേലിലേക്കുള്ള കുടിയേറ്റത്തിനുശേഷം ഇവിടെ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഫലമോ, ആളൊഴിഞ്ഞ ജൂത സിനഗോഗുകളും സ്ഥാപനങ്ങളും.
ഇതുപോലെ മറ്റൊരു ഉദാഹരണമാണ് ഇന്ത്യയിലെ പാഴ്സി സമൂഹം. ഇന്ത്യന്‍ സ്വാതന്ത്ര്യസമയത്ത് ഒരു ലക്ഷത്തില്‍പ്പരം പാഴ്സികള്‍ ഇന്ത്യയിലുണ്ടായിരുന്നു എന്നു കണക്കാക്കപ്പെടുന്നു. എന്നാല്‍, 2011 സെന്‍സസ് പ്രകാരം അവശേഷിക്കുന്നത് 57,000 പേര്‍ മാത്രം, 2070 ഓടുകൂടി ഈ സമൂഹം പാടേ മാഞ്ഞുപോകും എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ ചില പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയെ പടുത്തുയര്‍ത്താന്‍ സഹായിച്ച മഹാരഥന്മാരായ ജെആര്‍ഡി ടാറ്റ, ഹോമി ജഹാംഗീര്‍ ബാബ തുടങ്ങിയവര്‍ ഈ സമൂഹത്തില്‍പ്പെട്ടവരാണെന്നുള്ളതാണു മറ്റൊരു സത്യം.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍, കേരളത്തിലെ ക്രെെസ്തവസമൂഹവും ഈ അവസ്ഥയിലേക്കെത്തിച്ചേരും.
മാതാപിതാക്കൾ ഒറ്റപ്പെടാം
വിദേശ കുടിയേറ്റത്തിന്‍റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കാന്‍പോകുന്നതു പ്രായമായ മാതാപിതാക്കളാണ്. കൊട്ടാര സമാനമായ ഗൃഹങ്ങളില്‍ ജീവിതത്തിന്‍റെ അവസാനകാലത്ത് തനിച്ചായി പോകുന്നത് ഇവരെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഒപ്പം, പരമ്പരാഗത ഭൂസ്വത്തുക്കളും വസ്തുവകകളും അന്യാധീനപ്പെട്ടുപോകാന്‍ കാലമേറെ വേണ്ടിവരില്ല. അതുപോലെ കേരളത്തിലെ ക്രെെസ്തവ സമുദായത്തിന്‍റെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ആളില്ലാതെ അന്യംനിന്നുപോകുന്ന സ്ഥിതിപോലും സംജാതമാകും. അപ്പോള്‍ അവശേഷിക്കുക ശുഷ്കമായ കുടിയേറ്റ ഗ്രാമങ്ങളും ക്ഷയിച്ചുപോയ തറവാടുകളും മാത്രം.

