മനില: ഫിലിപ്പൈന്‍സില്‍ വ്യോമസേനാ തകര്‍ന്നുവീണു. 92 വ്യോമസേനാ ഉദ്യോഗസ്ഥരുമായി പോയ സി 130 ഹെര്‍ക്കുലീസ് എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 40 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി സൈനിക മേധാവി സിലിറ്റോ സോബെജാന പറഞ്ഞു. ഞായറാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. വിമാനത്തില്‍ 92 പേരാണ് ഉണ്ടായിരുന്നതെന്ന് ഫിലിപ്പൈന്‍സ് പ്രതിരോധ മന്ത്രി ഡെഫ് ലിന്‍ ലോറെന്‍സ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്ന് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
റണ്‍വേ കാണാതായതിനെ തുടര്‍ന്ന് സുസിലുവിലെ പാറ്റികുളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.
അപകമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് വരികയാണ്. കഗയാന്‍ ഡി ഒറോ നഗരത്തില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടിട്ടുള്ളത്. മുസ്ലിം പ്രവിശ്യയായ സുലുവിലെ അബു സയ്യാഫ് തീവ്രവാദികളുമായി ദശാബ്ദങ്ങളായി സര്‍ക്കാര്‍ സേനകള്‍ പോരാട്ടം തുടര്‍ന്നുവരുന്നതിനിടെയാണ് ഈ പ്രദേശത്ത് വെച്ച് വിമാനം തകര്‍ന്നുവീഴുന്നത്. മരങ്ങള്‍ക്കിടയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.