ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലിലെ അസുഖബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വന്‍കുടലിലെ ചുരുക്കവുമായി ബന്ധപ്പെട്ടുകൊണ്ടുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കായാണ് ശസ്ത്രക്രിയ നടത്തുന്നതിനായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

10 പേരുടെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയോട് മാർപ്പാപ്പ നന്നായി പ്രതികരിച്ചുവെന്ന് വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അനസ്തീഷ്യയിൽ ആണ് അദ്ദേഹം ഉള്ളതെന്ന് ഇവർ പറഞ്ഞു.

കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മാര്‍പാപ്പ പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.അതിനു ശേഷമാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. സെപറ്റംബറില്‍ ഹംഗറിയിലേക്ക് പോകാനൊരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.