ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ട്രെയിനുകള്‍ തടയുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ആറ് തവണ ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തില്‍ സമരപരിപാടികള്‍ ശക്തമാക്കി കര്‍ഷകസംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ട്രെയിനുകള്‍ തടയുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയുള്ള ചര്‍ച്ചകളില്‍ കൃത്യമായ പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ രാജ്യമാകെ സ്തംഭിപ്പിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍

കര്‍ഷകസംഘടനകളില്‍ ഭിന്നിപ്പില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മറ്റ് രീതിയിലുള്ള അഭിപ്രായങ്ങള്‍ അപലപനീയമാണെന്നും കര്‍ഷകര്‍ പറഞ്ഞു. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യമന്ത്രി പീയൂഷ് ഗോയലും സമരം അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരാമെന്നും കര്‍ഷകസംഘടനകളോട് മന്ത്രിമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഞ്ചാബിലെ സ്ഥിതി വ്യത്യസ്തമാണ്. രണ്ട് മാസമായി അവിടെ സമരം തുടരുകയാണ്.തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ ഡെപ്യൂട്ടി കമ്മീഷണറെ ഖരാവോ ചെയ്യുമെന്ന് പഞ്ചാബിലെ കര്‍ഷകനേതാവായ ബൂട്ടാസിങ് പറഞ്ഞു. ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും മാത്രമാണ് ട്രെയിന്‍ തടയുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപാരികള്‍ക്ക് വേണ്ടിയാണ് നിയമമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചുകഴിഞ്ഞെന്നും കര്‍ഷകസമരനേതാക്കള്‍ പറയുന്നു. കര്‍ഷകരെ സഹായിക്കുന്ന ചട്ടങ്ങള്‍ നിയമത്തില്‍ നിന്ന് എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ കൃഷി സംസ്ഥാനസര്‍ക്കാരിന് കീഴിലാണെന്ന് പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുകയാണ്. അങ്ങനെയെങ്കില്‍ രാജ്യവ്യാപകമായി നിലനില്‍ക്കുന്ന ഒരു കൃഷിനിയമം കേന്ദ്രസര്‍ക്കാരിന് നിര്‍മിക്കാനാകില്ലല്ലോ എന്നും കര്‍ഷകര്‍ ചോദിക്കുന്നു.

Leave a Reply