കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ കൂടുതല്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തമിഴ്നാട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2367.44 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാമുകളുടെ ജല നിരപ്പ് നിരീക്ഷിച്ച് വരുകയാണെന്നും ജലനിരപ്പ് കുടുന്നതനുസരിച്ച് വെള്ളം തുറന്നുവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടന്ന് നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് വേഗത്തി ഉയരാന്‍ കാരണമായത്. സെക്കന്‍റില്‍ ഏഴായിരം ഘനയടിയിലധികം വെള്ളം ഒഴുകിയെത്തുന്നുണ്ട്. 900 ഘയനടി മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68 .4 അടിക്ക് മുകളിലാണ്. 71 അടിയാണ് പരമാവധി സംഭരണ ശേഷി. ആദ്യഘട്ട ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിനാല്‍ കൂടുതല്‍ വെള്ളം വൈഗയിലേക്ക് തുറന്നു വിടാന്‍ കഴിയാത്ത അവസ്ഥയിലാണ് തമിഴ്നാട്.
മുല്ലപ്പരിയാറില്‍ ഇന്നലെ 338 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നാല് ദിവസം കൊണ്ട് മൂന്നടിയിലധികം ജലനിരപ്പുയര്‍ന്നു. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ഒഴുകിയെത്തിയതിന്‍റെ ഇരട്ടി വെള്ളമാണ് ഇന്നെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 വെള്ളം കൂടുതലാണിപ്പോള്‍. വെള്ളം 14 അടി കൂടി ഉയര്‍ന്നാല്‍ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ഡാം തുറക്കേണ്ടി വരും. കേന്ദ്രജലകമ്മീഷന്‍റെ റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 31 വരെ ഡാമിന്‍റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 2,380 അടിയാണ്. 15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉല്‍പ്പാദിപ്പിച്ചത്. ജലനിരപ്പ് ക്രമീകരിക്കാന്‍ മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുറന്നു വിട്ടിരിക്കുകയാണ്.

