ജോലി ചെയ്യാന്‍ സ്വാതന്ത്ര്യവും സര്‍ക്കാറില്‍ പ്രാതിനിധ്യവും ആവശ്യപ്പെട്ട് കാബൂളില്‍ അഫ്ഗാന്‍ വനിതകളുടെ മാര്‍ച്ച്.
അമ്ബതോളം സ്ത്രീകളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ധനകാര്യ മന്ത്രാലയത്തിന്റെ കവാടത്തില്‍വെച്ച് താലിബാന്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് തടഞ്ഞെന്ന് പ്രതിഷേധക്കാരിലൊരാളായ റാസിയ ബരക്‌സായി പറഞ്ഞു. കുരുമുളക് സ്‌പ്രേയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ താലിബാന്‍ നേരിട്ടതെന്നും അവര്‍ ആരോപിച്ചു. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇത് നാലാമത്തെ തവണയാണ് കാബൂളിലും വടക്കന്‍ നഗരമായ ഹെരാത്തിലും സ്ത്രീകള്‍ രംഗത്തെത്തുന്നത്. എന്നാല്‍ തോക്കുപയോഗിച്ചാണ് പ്രതിഷേധക്കാരെ താലിബാന്‍ നേരിടുന്നതെന്നും ഇവര്‍ ആരോപിച്ചു.
സമരക്കാര്‍ക്ക് ചുറ്റും വളഞ്ഞ് വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു സ്ത്രീയെ താലിബാന്‍ മര്‍ദ്ദിച്ച് ചോരയൊലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നയരൂപീകരണ സ്ഥാനങ്ങളിലൊന്നും താലിബാന്‍ സ്ത്രീകളെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
കാബൂള്‍ പിടിച്ചടക്കിയതിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീകളെ ജോലിക്ക് പോകാന്‍ അനുവദിക്കുമെന്നും ഇസ്ലാമിക നിയമങ്ങള്‍ അനുശാസിക്കുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് അനുവദിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.