തിരുവനന്തപുരം: ( 24.04.2021) പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വൈദികര്‍ക്കും വിശ്വാസികള്‍ക്കും ക്രൈസ്തവ സഭകളുടെ നിര്‍ദേശം. വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബാനയില്‍ പങ്കെടുത്താല്‍ മതിയെന്നും കോവിഡ് തീവ്രത കുറയുന്നതു വരെ വിവാഹങ്ങള്‍ നീട്ടിവെക്കണമെന്നും യാക്കോബായ സഭ അഭ്യര്‍ഥിക്കുന്നുണ്ട്. കെ സി ബി സിയും യാക്കോബായ സഭയും ഇതുസംബന്ധിച്ച് സര്‍കുലറുകള്‍ പുറത്തിറക്കി. സര്‍കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ട് സഭാംഗങ്ങള്‍ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
കത്തോലിക്കാ ദേവാലയങ്ങളില്‍ ആരാധനകര്‍മങ്ങള്‍ നടത്തേണ്ടതും ദേവാലയകര്‍മങ്ങളിലെ ജനപങ്കാളിത്തം ക്രമീകരിക്കേണ്ടതും സംസ്ഥാന സര്‍കാരും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം. കുമ്ബസാരം, രോഗീലേപനം തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ കോവിഡ് ബാധിതര്‍ക്കായി വൈദികര്‍ നിര്‍വഹിക്കുമ്ബോള്‍ അതീവജാഗ്രതയും വിവേകപരമായ ഇടപെടലും വേണമെന്ന കാര്യവും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
കത്തോലിക്കാസഭയുടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നുമുണ്ട്. വൈറസ് വ്യാപനത്തിന്റെ വര്‍ധനവ് കണക്കിലെടുത്ത് കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും സര്‍കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ താത്പര്യമെടുക്കുമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

