ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നവംബറില്‍ സ്കൂളുകള്‍ തുറക്കാമെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളും പത്ത് പന്ത്രണ്ട് ക്ലാസ്സുകളും നവംബര്‍ ഒന്നിന് ആരംഭിക്കാനാണ് തീരുമാനം. പിന്നീട് മുഴുവന്‍ ക്ലാസ്സുകളും നവംബര്‍ 15ന് തുടങ്ങും.
സ്കൂള്‍ തുറക്കാന്‍ ഒന്നര മാസത്തോളം ബാക്കിയുണ്ടെങ്കിലും മുന്നൊരുക്കങ്ങള്‍ വളരെ പെട്ടെന്ന് ആരംഭിക്കേണ്ടി വരും വിദ്യാഭ്യാസ വകുപ്പിന്. ഒന്നരവര്‍ഷമായി സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പല സ്കൂളുകളുടെയും കെട്ടിടങ്ങള്‍ കാടുപിടിച്ച നിലയിലാണ്. സ്കൂള്‍ ബസ് അടക്കമുള്ള വാഹനങ്ങളും തുരുമ്ബെടുത്തിരിക്കുന്ന സാഹചര്യം. അതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വളരെ വലിയ അധ്വാനം തന്നെ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ മാത്രമേ അണുനശീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയൂ. കുട്ടികള്‍ക്കായി പ്രത്യേക മാസ്കുകള്‍ തയ്യാറാക്കേണ്ടതുണ്ട്.
സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. ഒരു ബെഞ്ചില്‍ എത്രപേര്‍, ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേരുന്ന യോഗം ഇക്കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കണം.
പ്രൈമറി ക്ലാസ്സുകളില്‍ അടക്കമുള്ള കുട്ടികളെ സ്കൂളുകളില്‍ വിടണമോ എന്ന കാര്യത്തില്‍ രക്ഷിതാക്കളുടെ അഭിപ്രായം പരിഗണിക്കേണ്ടിവരും. ഒപ്പം അധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളിയും മുന്നിലുണ്ട്.
ക്ലാസ്സുകള്‍ തുടങ്ങുന്നതിനു 15 ദിവസങ്ങള്‍ക്ക് മുന്‍പെങ്കിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് ശനിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ആദ്യഘട്ടത്തില്‍ പ്രൈമറി ക്ലാസുകള്‍ തുടങ്ങണമെന്ന
അഭിപ്രായമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വെച്ചിരുന്നത്. പ്രൈമറി ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കുറവാണെന്ന് ഇതിന് കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിച്ചാണ് പ്രൈമറി ക്ലാസുകള്‍ ആദ്യം തന്നെ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതു പരീക്ഷകള്‍ പരിഗണിച്ചാണ് 10, 12 ക്ലാസ്സുകള്‍ ഇതോടൊപ്പം തുടങ്ങുന്നത്.
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്ബോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വിദ്യാലയങ്ങള്‍ തുറക്കുമ്ബോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കും. എല്ലാ സ്കൂളുകളിലും മാസ്‌കുകള്‍ കരുതണമെന്നും അവലോകനയോഗം നിര്‍ദ്ദേശിച്ചു. അതേസമയം അടുത്ത മാസം നാലാം തീയതിയാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. കോളേജുകള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യങ്ങളും പരിശോധിച്ചാകും വിദ്യാഭ്യാസ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

