കൂട്ടായ്മയിലേക്കുള്ള യാത്ര അത്യുത്സാഹത്തോടെ തുടരണം; ലൂഥറൻ സഭാനേതൃത്വത്തോട് പാപ്പ

ഭിന്നിപ്പിൽനിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര അത്യുത്സാഹത്തോടെ തുടരാൻ ലൂഥറൻ സഭാ നേതൃത്വത്തിന് പ്രചോദനമേകി ഫ്രാൻസിസ് പാപ്പ. ക്രൈസ്തവരുടെ സമ്പൂർണ ഐക്യം സാധ്യമായിത്തീരാനുള്ള പ്രാർത്ഥനയിൽ അണിചേരാനും സകലവിശ്വാസികളോടും പാപ്പ ആഹ്വാനം ചെയ്തു. ലൂഥറൻ സഭയുടെ ആഗോള സംയുക്ത സമിതിയുടെ പ്രതിനിധി സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യ ക്രൈസ്തവരുടെ പിളർപ്പ് ഒഴിവാക്കാനുള്ള ശ്രമമത്തിന്റെ ഭാഗമായി പരിണമിച്ച, ലൂഥറൻ സഭയുടെ പ്രഖ്യാപനമായ ‘ഓഗ്‌സ്ബർഗ് കൺഫെഷ’ന്റെ 491-ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു ലൂഥറൻ സഭാനേതൃത്വത്തിന്റെ സന്ദർശനം. 2030 പ്രസ്തുത പ്രഖ്യാപനത്തിന്റെ 500-ാം വാർഷികമാണെന്ന് അനുസ്മരിച്ച പാപ്പ, 500-ാം വാർഷികത്തിലേക്കുള്ള യാത്ര നമ്മുടെ അനുരഞ്ജന പ്രയാണത്തിന് ഗുണകരമായി ഭവിക്കുമെന്ന പ്രത്യാശയും പങ്കുവെച്ചു.

ഭിന്നിപ്പിൽനിന്ന് ഐക്യത്തിലേക്കുള്ള യാത്രയുടെ തുടർച്ചയുടെ അടുത്തഘട്ടത്തിൽ, സഭയെ ഐക്യപ്പെടുത്തുന്ന ബന്ധങ്ങളും ശുശ്രൂഷയും ആഴത്തിൽ തേടണം. അതുപോലെ, പിളർപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടതും അനിവാര്യമാണ്. ഒരു ശരീരം, ഒരു ജ്ഞാനസ്‌നാനം, ഒരു ദൈവം’ എന്നിവയിൽ കേന്ദ്രീകൃതമായ വിശ്വാസപ്രബോധനം കത്തോലിക്കാസഭയും ലൂഥറൻസഭയും 1980ൽ അംഗീകരിച്ച കാര്യവും പാപ്പ ഈ സാഹചര്യത്തിൽ പരാമർശിച്ചു.

വിഖ്യാതമായ നിഖ്യാ സുന്നഹദോസ് പ്രഖ്യാപിച്ച ‘പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവവിശ്വാസം’ ‘ഓഗ്‌സ്ബർഗ് കൺഫെഷൻ’ അടിവരയിടുന്ന കാര്യവും പാപ്പ വ്യക്തമാക്കി. ‘കത്തോലിക്കാ, ലൂഥറൻ സഭകൾക്കുമാത്രമല്ല, നമ്മുടെ ഓർത്തഡോക്‌സ് സഹോദരന്മാരെയും മറ്റു പല ക്രിസ്ത്യൻ സമൂഹങ്ങളെയും വിശ്വാസത്തിന്റെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് നിഖ്യാ വിശ്വാസപ്രമാണം. അത് ഒരു പൊതുനിധിയാണ്. 2025 ൽ നിഖ്യാ സുന്നഹദോസ് 1700-ാം വാർഷികം ആഘോഷിക്കുമ്പോൾ, അത് സഭൈക്യ യാത്രയ്ക്ക് ഒരു പുതിയ പ്രചോദനമാകണം,’ പാപ്പ വ്യക്തമാക്കി.