ഡോ.ഹെറാൾഡ് ജോർജ്ജ്
2021 -ലെ നാഷണല്‍ ക്രൈെ റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നാര്‍ക്കോട്ടിക്ക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക്ക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമുള്ള കേസുകള്‍ ചര്‍ച്ച ചെയ്യപ്പെട്ട് 27072 പേരോളമാണ ഇന്ത്യയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്.
ജനസംഖ്യയുടെ കാര്യത്തില്‍ 13-ാം സ്ഥാനത്തുള്ള കേരളം ലഹരി സംബന്ധമായ കേസുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ആറാം സ്ഥാനത്താണ്. ഈ വര്‍ഷം ഓഗസ്റ്റു വരെ 16,128 ലഹരി കേസുകള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയോളം വര്‍ധന ലഹരിയുടെ ഉപയോഗം കനത്ത തോതില്‍ സംസ്ഥാനത്ത് വ്യാപകമാകുന്നുണ്ട് എന്ന് വെളിപ്പെടുത്തുന്നു.
2020-ല്‍ മാത്രം ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തില്‍ പിടിയിലായ നാലായിരത്തോളം പേരില്‍ 917-പേര്‍ 21 വയസില്‍ താഴെയുള്ളവരായിരുന്നു എന്നത് നമ്മെ പേടിപ്പിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യുവതലമുറ അറിവ് നേടി വളരേണ്ടവര്‍, അറിവുനേടി താഴെയ്ക്കാണ് വീഴുന്നത്.
ഒരു രാജ്യത്തിന്‍റെ ഭാവി അവിടുത്തെ കുട്ടികളും യുവതലമുറകളുമാണ്. എന്നാല്‍ ഈ ലഹരിയുടെ അടിമകളായിരിക്കുന്ന ഈ തലമുറ ആ രാജ്യത്തിന്‍റെ ഭാവി തകര്‍ക്കുകയേ ഉള്ളൂ. ഈ പശ്ചാത്തലത്തില്‍ സമൂഹത്തെ നശിപ്പിക്കുന്ന ഈ തിന്മയെക്കുറിച്ച് കൂടുതല്‍ ഗൗരവമായി നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ലഹരി ഉപയോഗിക്കുന്നത് ഒരു വ്യക്തിയാണ്. എന്നാല്‍ ആ വ്യക്തി ഒരു കുടുംബത്തിലെ അംഗമായതിനാല്‍ ആ ആളുടെ ലഹരിയുടെ ഉപയോഗം ആ കുടുംബത്തെ ബാധിക്കും. ഈ കുടുംബം ഒരു സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് ഒരു സാമൂഹ്യതിന്മയാകുന്നു. അതിനാല്‍ തന്നെ ലഹരിയുടെ ഉപയോഗം വ്യക്തിപരമാണ് എന്ന് ന്യായീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
മുന്‍കാലങ്ങളില്‍ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ മയക്കുമരുന്നിന്‍റെ ആധുനിക രൂപമായ സിന്തറ്റിക് ലഹരികളുടെ ഉപയോഗവും വ്യാപനവുമാണ് നിലവിലെ വലിയഭീഷണി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഇത്തരം ലഹരിമരുന്നുകള്‍ എത്തിച്ചേരുകയും കുട്ടികളും യുവജനങ്ങളും അതിന് അടിമകളാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്.
ഈ ലഹരിയുടെ വര്‍ദ്ധനവു മൂലം ലൈംഗിക ചൂഷണവും ആക്രമണവും, മോഷണം, കൊലപാതകം, ആത്മഹത്യ പോലുള്ള അനുബന്ധ കുറ്റകൃത്യങ്ങളും പെരുകുന്നു എന്നത് ഒരു വസ്തുതയാണ്.
ലഹരിക്ക് അടിമപ്പെട്ട് ഉന്മേഷവും കായികശേഷിയും നഷ്ടപ്പെടുന്ന കുട്ടികളും യുവജനങ്ങളും നമ്മുടെ നാടിന്‍റെ ദയനീയചിത്രം നമുക്ക് മുന്‍പില്‍ വരച്ചു കാട്ടുന്നു. ദിവസക്കൂലിക്കായ് ജോലിചെയ്യുന്നവര്‍ പോലും അതുകൊണ്ട് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതുവഴി ധാരാളം കുടുംബങ്ങള്‍ വാഴിയാധാരമാകുന്നു. അതുവഴി ആ കുടുംബത്തിന്‍റെ സമാധാനം നഷ്ടമാകുന്നു. പിന്നീടുള്ള ജീവിതം പേടിപ്പെടുത്തുന്നതാകുന്നു.
നമ്മുടെ സാംസ്കാരിക സാമൂഹിക ഔന്നത്യത്തെയും ക്രമസമാധാനത്തെയും യുവതലമുറയുടെ കാര്യപ്രാപ്തിയേയും ഭാവിയേയുമെല്ലാം ഒരുപോലെ ദോഷകരമായി ബാധിക്കുന്ന ഒരു സമൂഹ തിന്മയെന്ന നിലയില്‍ ലഹരിയുടെ ഉപയോഗത്തിനും ഉപഭോഗത്തിനെതിരെയും പ്രതിരോധം തീര്‍ക്കേണ്ടത് ഇപ്പോള്‍ ആവശ്യമായിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും, സാമൂഹിക, സാമുദായിക നേതൃത്വങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ വലിയ ലക്ഷ്യം നമുക്ക് നേടിയെടുക്കാന്‍ സാധ്യമാവുകയുള്ളു.
ഇന്നത്തെ തലമുറ അടിമപ്പെടലുകളില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇത്തരത്തിലുള്ള അടിമത്തങ്ങള്‍ അവര്‍ക്ക് ഒരു ആശ്വാസമേഖലയാണ്. മാത്രമല്ല അത് അവര്‍ക്ക് സന്തോഷം നല്‍കുന്നതുമാണ്. എപ്പോഴും അവരുടെ മനസ്സില്‍ ഈ നിമിഷത്തിന്‍റെ സന്തോഷം മാത്രമാണ് അന്വേഷിക്കുന്നത്. അതിനാല്‍തന്നെ ഇവിടെനിന്നുള്ള രക്ഷനേടല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് യുവതലമുറകള്‍ക്ക്. ഇവ കുറച്ചുനേരത്തേയ്ക്കേ സന്തോഷം നല്‍കുന്നുള്ളു. പിന്നീട് നാം കരയേണ്ടിവരും എന്ന ബോധ്യത്തിലേയ്ക്ക് അവര്‍ വളര്‍ന്നു വരുമ്പോള്‍ അവര്‍ക്കു ഇതില്‍ നിന്ന് രക്ഷ നേടണം എന്ന ആഗ്രഹം ഉണ്ടാകുമ്പോള്‍ നമ്മുട ഈ പ്രശ്നം ഫലമണിയാന്‍ തുടങ്ങും. അങ്ങനെ ലഹരിയെ തൂത്തെറിയാന്‍ നമുക്ക് സാധിക്കും.