കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍.

എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച്‌ നടന്ന ചടങ്ങില്‍ സോണിയക്ക് പുറമെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, പി.സി.സി അധ്യക്ഷന്‍മാര്‍, മുതിര്‍ന്ന നേതാക്കന്മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ചടങ്ങ് പുരോഗമിക്കുകയാണ്.

24 വര്‍ഷത്തിന് ശേഷം നെഹ്‍റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത് വിഭാഗത്തില്‍ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാകുന്ന നേതാവ് എന്ന പ്രത്യേകതയും ഖാര്‍ഗെയ്ക്കുണ്ട്.ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉച്ചയ്ക്ക് ശേഷം ഖാര്‍ഗെ പങ്കെടുക്കും. ഹിമാചല്‍ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഖാര്‍ഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രവര്‍ത്തക സമിതി പുനഃസംഘടന, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ശക്തിപ്പെടുത്തുക തുടങ്ങിയ ചുമതലകളും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുണ്ട്.