ഡി.സി.സി പുന: സംഘടന;സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍

തിരുവനന്തപുരം : ഡി.സി.സി പുന: സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും . ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ഉണ്ടായ അതൃപ്തികളും പരിഹരിച്ചു. ഇന്ദിരാ ഭവനില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. തുടര്‍ന്നുള്ള പാര്‍ട്ടി പുന:സംഘടനയില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
ഡി.സി.സി അധ്യക്ഷ സ്ഥാന നിര്‍ണയത്തെ ചൊല്ലി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തങ്ങളുടെ അതൃപ്തി പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നേതാക്കള്‍ പരസ്യമായ തമ്മില്‍ വാക്‌പോരും രൂക്ഷമായിരുന്നു.ഇതോടെ മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സി നേതൃത്വത്തോട് നിര്‍ദേശിച്ചു.ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗ്രൂപ്പിനേക്കാള്‍ പാര്‍ട്ടിയാണ് പ്രധാനമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം മഞ്ഞുരുകുന്നതിന്റെ സൂചനയായി കരുതിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഇരുനേതാക്കളുമായി ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന കോണ്‍ഗ്രസില്‍ ഉരുണ്ടു കൂടിയ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായെന്നാണ് സൂചന.