കനത്ത മഴ,വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ അവലോകന യോഗം

തിരുവനന്തപുരം| കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍-മധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം.

കണ്‍ട്രോള്‍ റൂം

റവന്യു മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. നമ്ബറുകള്‍ ചുവടെ

8606883111
9562103902
9447108954
9400006700

ഫോണിലോ വാട്‌സ് ആപ്പ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്.