ന്യൂനമർദ്ദം ശനിയാഴ്ച ശക്തി പ്രാപിച്ചേക്കും, അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട വേനൽമഴ തുടർന്നേക്കും

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് സഞ്ചരിച്ച്‌ ശക്തി പ്രാപിക്കാന്‍ സാധ്യത.

തുടര്‍ന്ന് വടക്ക് ദിശയില്‍ സഞ്ചരിച്ച്‌ ഞായറാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും തിങ്കളാഴ്ചയോടെ ഇത് ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വടക്ക്- വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച്‌ 22 ഓടെ ബംഗ്ലാദേശ് – മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് ആയി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.