ദൈവത്തിന്റെ സഹായമില്ലാതെ സ്വയം കൈകാര്യം ചെയ്യാൻ കഴിയുമെന്ന പ്രലോഭനത്തെ സൂക്ഷിക്കണം: പാപ്പ

ദൈവത്തിന്റെ സഹായമില്ലാതെ എല്ലാം സ്വയം കൈകാര്യം ചെയ്യാൻ കഴിയുമെന്ന പ്രലോഭനത്തെ സൂക്ഷിക്കണമെന്ന് വിശ്വാസീസമൂഹത്തിന് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പ. ദൈവത്തെ അന്വേഷിക്കുന്നതിൽ മടുപ്പുണ്ടാവരുതെന്നും ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്നും പാപ്പ പറഞ്ഞു. യേശുനാഥൻ കടലിനെ ശാന്തമാക്കുന്ന സുവിശേഷഭാഗം പരാമർശിച്ച് ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കാറ്റും തിരമാലയും ആഞ്ഞടിച്ചപ്പോൾ ഈശോയുടെ ശിഷ്യന്മാർ ഭയചകിതരായതുപോലെ, ജീവിതപരീക്ഷണങ്ങളുടെ നടുവിൽ നാമും ഭയപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിലവിളിയോടെ നാം കർത്താവിനെ വിളിക്കും. എന്നാൽ, അവിടുന്ന് മറുപടി നൽകാത്തതായി തോന്നുമ്പോൾ ആ പ്രതിസന്ധിയിൽ മുങ്ങിത്താണ് മരിക്കാൻ പോകുന്നതുപോലെ നമുക്കു തോന്നാം. എന്നാൽ, ഈശോ അവിടെതന്നെയുണ്ടെന്ന ഏറ്റവും പ്രധാനമായ സത്യം നാം മനസിലാക്കാതെ പോകരുത്.

അവിടുന്ന് നമ്മുടെ സങ്കടം കാണുന്നില്ലെന്ന് തോന്നിയാലും എല്ലാം മനസിലാക്കുന്ന ദൈവമാണ് അവിടുന്ന്. ചിലപ്പോൾ വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഘട്ടമാകാം അത്. കർത്താവ് എല്ലായ്‌പ്പോഴും അവിടെയുണ്ട്. നമ്മുടെ ആവശ്യങ്ങളിലേക്ക് അവിടുത്തെ ക്ഷണിക്കാനും അതിൽ ഇടപെടാനും നമ്മുടെ ജീവിതാനുഭവങ്ങളുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കപ്പെടാനും അവിടുന്ന് ആഗ്രഹിക്കുന്നു. നാം ദൈവത്തിൽ വിശ്വസിക്കുക മാത്രമല്ല, അവിടുത്തോടൊപ്പം ആയിരുന്നുകൊണ്ട് അവിടുത്തോട് പ്രാർത്ഥിക്കണം.

നമ്മുടെ പ്രശ്‌നങ്ങളിലേക്കുതന്നെ നോക്കിക്കൊണ്ടിരിക്കാതെ ജീവിതത്തിലെ കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലും നാം ദൈവസാന്നിധ്യം തേടണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും നാം അവിടുത്തോട് പറയണം. ശിഷ്യന്മാർ ഉണർന്നിരുന്നതും അവിടുത്തോട് സംസാരിക്കുന്നതും നാം പിന്തുടരേണ്ട സമീപനമാണ്. നമുക്ക് സ്വയം സഞ്ചരിക്കാനാവില്ല എന്ന് ബോധ്യപ്പെടാൻ ഈ വിശ്വാസം സഹായിക്കും.

പ്രതിസന്ധിയുടെ കടലുകളിൽ മുങ്ങിപ്പോകാതെ പൊങ്ങിക്കിടക്കാൻ നമുക്ക് ഒറ്റയ്ക്കാവില്ല. അതിന് അവിടുത്തെ സഹായം കൂടിയേതീരൂ. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി നാവികർ യാത്ര ചെയ്യുന്നതുപോലെ നാമും കർത്താവിനെ നോക്കി യാത്ര ചെയ്യണം. അവിടുത്തേക്ക് നമ്മിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും. പ്രാർത്ഥനയുടെ സൗമ്യവും അസാധാരണവുമായ ശക്തി അത്ഭുതങ്ങൾ പ്രവർത്തിക്കും. അതിനായി വിശ്വാസം കാത്തൂസൂക്ഷിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, ദൈവത്തെ അന്വേഷിക്കുന്നതിൽ മടുപ്പുണ്ടാവരുതെന്നും കൂട്ടിച്ചേർത്തു.