മാര്‍ ജോസ് പുളിക്കല്‍
സഭ നമ്മുടെ അമ്മയാണ്. നമ്മുടെ തറവാടാണ്. സമുദായം നമ്മുടെ സ്വത്വബോധമാണ്. രാഷ്ട്രീയം നമ്മുടെ സാമൂഹിക പ്രതിബദ്ധതയുടെ മുഖമാണ്. ഇത് മൂന്നും വേണ്ട രീതിയിലൊന്ന് സമന്വയിപ്പിച്ച് ഓരോന്നും അതിന്റെ മുന്‍ഗണനാക്രമത്തില്‍ മനസിലാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. സഭയെ അമ്മയായിട്ടു കാണാത്തവര്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ വിശ്വാസിയായിരിക്കുവാന്‍ സാധ്യമല്ല. ‘തിരുസഭയെ അമ്മയായി സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ദൈവത്തെ പിതാവേ എന്നുവിളിക്കാന്‍ അര്‍ഹതയില്ല’ എന്ന സഭാപിതാവായ വി. ഇരണേവൂസിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. യഥാര്‍ത്ഥ വിശ്വാസം ഈശോമിശിഹായാകുന്ന മൂലക്കല്ലില്‍ ശ്ലീഹന്മാരാകുന്ന അടിത്തറയില്‍ പണിയപ്പെട്ടിരിക്കുന്ന സഭയോടു ചേര്‍ന്നുനിന്നുകൊണ്ട് ജീവിക്കാനുള്ളതാണ്. ആ കൂട്ടായ്മയുടെ ബന്ധവും ബലവും നമ്മള്‍ക്കുണ്ടാവണം. സഭ എന്ന ആ ഉന്നതമായ കാഴ്ചപ്പാട് നെഞ്ചോടു ചേര്‍ത്തുപിടിക്കാന്‍ – അത് നമ്മുടെ നെഞ്ചിടിപ്പായി മാറുന്നുവെന്ന് ഉറപ്പുവരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം.
രണ്ടാമത്തെ കാര്യം – സമുദായം. സമുദായമെന്ന ചിന്തയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അതിനെ വര്‍ഗീയതയായിട്ട് വ്യാഖ്യാനിക്കുന്ന വഴിവിട്ട പ്രവണതകളെ നാം തിരിച്ചറിയണം. കത്തോലിക്കാസഭയും നമ്മുടെ വിശ്വാസവും എപ്പോഴും വര്‍ഗീയതയ്‌ക്കെതിരാണ്. സമുദായമെന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വത്വബോധത്തിന്റെ ആവിഷ്‌കാരമാണ്. ഞാനൊരു കത്തോലിക്കാവിശ്വാസിയായിട്ട് ജീവിക്കുമ്പോള്‍ ഞാന്‍ ഉള്‍ക്കൊള്ളുന്ന സഭാകൂട്ടായ്മയെ ബലപ്പെടുത്തുന്ന ഒരു കോട്ടയാണ് സമുദായം. അത് നമ്മുടെ അസ്തിത്വത്തിന്റെ അനിവാര്യഘടകമാണ്. പലതരത്തിലുള്ള പ്രളയങ്ങളും കെടുതികളും ബുദ്ധിമുട്ടുകളും കൊടുങ്കാറ്റുകളുമൊക്കെ ഉണ്ടാവുമ്പോള്‍ ഉറപ്പുള്ള ഒരടിത്തറ നമ്മുടെ ഈ ഭവനത്തിനുണ്ട് എന്നുറപ്പുവരുത്താന്‍ നമുക്കു സാധിക്കണം. അതിനാല്‍ സമുദായമെന്ന കെട്ടുറപ്പുള്ള ഒരു സംവിധാനത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നില്ലായെങ്കില്‍ നമ്മള്‍ ഇല്ലെന്നാകും.
രാഷ്ട്രീയം എന്നത് നമ്മുടെ സാമൂഹികപ്രതിബദ്ധതയുടെ പേരാണ്. അരാഷ്ട്രീയ ചിന്ത ഒരിക്കലും ശരിയല്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അത്മായരെപ്പറ്റിയുള്ള ഡിക്രിയില്‍, രാഷ്ട്രീയത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കേണ്ടത് അല്മായരുടെ കടമയാണെന്നു കൃത്യമായിട്ടു പഠിപ്പിക്കുന്നുണ്ട്. സഭ, സമുദായം, രാഷ്ട്രീയം എന്ന മൂന്ന് ഘടകങ്ങളും നന്നായി ചേര്‍ത്തു പിടിച്ചുകൊണ്ട് ജീവിച്ചുവന്ന ഒരു പൈതൃകം നമുക്കുണ്ട്. അത് കേരളത്തിലെ സുറിയാനി കത്തോലിക്കാസമൂഹത്തിന് ഉണ്ടായിരുന്നുവെന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. പക്ഷേ അതിനകത്ത് അവിടെയും ഇവിടെയുമായി ചില വിള്ളലുകള്‍ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് നമുക്കറിയാം. അവയെ തിരിച്ചറിഞ്ഞുകൊണ്ട് വേണ്ടവിധം തിരുത്തുന്നില്ലെങ്കില്‍ അപകടമാണ് എന്ന കാര്യം വിസ്മരിക്കരുത്.
നമ്മള്‍ അഭിമാനത്തോടെ പറയേണ്ടതും ചിന്തിക്കേണ്ടതും നാളിതുവരെ നമ്മുടെ നാടിന്റെ നിര്‍മ്മിതിക്ക്, രാഷ്ട്രനിര്‍മ്മിതിക്ക് സഭ നല്കിയിട്ടുള്ള വലിയ സംഭാവനകളെപ്പറ്റിയാണ്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യമേഖലകളില്‍ ക്രൈസ്തവസമൂഹം നല്‍കിയിട്ടുള്ളതും നല്‍കിവരുന്നതുമായ മികവുറ്റ സംഭാവനകള്‍ അതുല്യങ്ങളാണ്. ഇവയെ ചെറുതായി കാണാന്‍ പാടില്ല. ഇതിനെയെല്ലാം തമസ്‌കരിക്കാന്‍വേണ്ടി ബോധപൂര്‍വം നടത്തുന്ന ആസൂത്രിതശ്രമങ്ങള്‍ ഇന്ന് ധാരാളമുണ്ട്. അതില്‍ ചില കക്ഷിരാഷ്ട്രീയങ്ങളുടെ അതിപ്രസരമുണ്ട്; സ്വാര്‍ത്ഥതാല്പര്യങ്ങളുണ്ട്; വര്‍ഗീയധ്രുവീകരണങ്ങളുണ്ട്. ഇങ്ങനെയൊക്കെയുള്ള വിധ്വംസക പ്രവണതകളും ശക്തികളുമൊക്കെ സഭയുടെ പ്രവര്‍ത്തനങ്ങളെ, അതുല്യങ്ങളായ സംഭാവനകളെ ഇകഴ്ത്തി കാണിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നത് തിരിച്ചറിയാനുള്ള വെളിച്ചം നമുക്കുണ്ടാവണം. നമ്മെക്കുറിച്ച് തന്നെ നമുക്ക് അഭിമാനം വേണം. സമുദായബോധത്തിന്റെ ഒന്നാം പാഠമാണ് അഭിമാനബോധം. അഭിമാനബോധം ഇല്ലെങ്കില്‍ പിന്നെ സമുദായബോധമില്ല. നമുക്ക് നമ്മുടെ കുടുംബത്തെപ്പറ്റി അഭിമാനമില്ലെങ്കില്‍ ആ തറവാടിനുവേണ്ടി നമ്മള്‍ നിലപാടുകള്‍ സ്വീകരിക്കുമോ? സാമുദായികചിന്തയുടെ ആദ്യപാഠവും ആദ്യാക്ഷരവും അഭിമാനബോധമാണ്.
നമ്മുടെ സമുദായം ഇന്ന് ഒരുപാടു പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഈ കഴിഞ്ഞ നാളില്‍ അറസ്റ്റ് ചെയ്യപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സന്യാസിനിമാര്‍ക്കുണ്ടായ ദുരനുഭവം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ പറ്റില്ല. അതുപോലെയുള്ള പ്രതിസന്ധികള്‍ – ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനം, ജനാധിപത്യത്തിന്റെ വ്യവസ്ഥകളെല്ലാം തകിടംമറിച്ചുകൊണ്ടുള്ള ഇടപെടലുകള്‍, അവയ്ക്കു പിന്നിലുള്ള വര്‍ഗീയ സംഘടനകള്‍ തുടങ്ങിയവ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. ഇത്തരം വിപരീത പരിതോവസ്ഥകള്‍ ഒരുവശത്തുള്ളപ്പോള്‍ മറുവശത്ത് നമ്മുടെ തീരദേശങ്ങള്‍ തകര്‍ക്കപ്പെടുന്നു, വന്യമൃഗങ്ങളാല്‍ വേട്ടയാടപ്പെട്ട് മലയോരങ്ങളില്‍നിന്നും ജനങ്ങള്‍ കുടിയിറക്കപ്പെടുന്നു. ഇതിന്റെയെല്ലാം പിറകില്‍ ആസൂത്രിതമായിട്ടുള്ള കുറെ അജണ്ടകളുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരുമിച്ച് നിന്നില്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന കാര്യം നാം മനസ്സിലാക്കണം. ഒന്നിച്ചുനില്ക്കണമെങ്കില്‍ സ്വത്വപരമായ ഒരു സമുദായബോധവും ഇച്ഛാശക്തിയും അതിനുള്ള പരിശ്രമവും കൃത്യമായിട്ട് നമ്മള്‍ നടത്തേണ്ടിയിരിക്കുന്നു. സഭ, സമുദായം, രാഷ്ട്രീയം തുടങ്ങിയ യാഥാര്‍ഥ്യങ്ങളെ കൃത്യമായ അനുപാതത്തില്‍ നമ്മള്‍ ജീവിതത്തില്‍ പാലിക്കണം.
നമ്മള്‍ സമൂഹത്തില്‍ ശക്തമായി ഇടപെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ ജാതി-മത-ഭേദവ്യത്യാസങ്ങള്‍ക്കതീതമായിട്ട് ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിരുന്ന നമ്മുടെ നേതൃത്വനിരയുണ്ടായിരുന്നു. നമ്മള്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതുണ്ട്; വ്യക്തമായ രീതിയില്‍ നേതൃത്വം കൊടുക്കേണ്ടതുണ്ട്; സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും സന്തുലിതാവസ്ഥയ്ക്കും നിലനില്‍പ്പിനും അത് അനിവാര്യമാണ്. ഒപ്പം, സമുദായത്തിന്റെ ഒരു വിഷയം ഉദിക്കുമ്പോള്‍, സമുദായം അകാരണമായി വേട്ടയാടപ്പെടുമ്പോള്‍ അനീതിപരമായി തകര്‍ക്കപ്പെടുമ്പോള്‍ കക്ഷിരാഷ്ട്രീയ സ്വഭാവം മറന്ന് എവിടെയാണെങ്കിലും ഒറ്റക്കെട്ടായി നില്‍ക്കാന്‍ നമുക്ക് കഴിയണം. കരുത്തും കര്‍മ്മശേഷിയുമുള്ള സമൂഹമായി നമുക്കൊന്നിച്ചു മുന്നേറാം.
കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാകോണ്‍ഗ്രസ് നടത്തിയ ശില്പശാലയിലെ അഭിവന്ദ്യ പിതാവിന്റെ പ്രഭാഷണത്തില്‍നിന്ന്.
