കല്ലാർ ഡാമിലെ സയറൺ വീണ്ടും മാറ്റി സ്ഥാപിച്ചു

കഴിഞ്ഞ ദിവസം ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും അപകട മുന്നറിയിപ്പ് നല്‍കുന്നതിനായി സ്ഥാപിച്ച സയറണ്‍ പ്രവര്‍ത്തിച്ചില്ല. മൂന്നാം തവണയാണ് കല്ലാറിലെ സയറണ്‍ മാറ്റി സ്ഥാപിയ്ക്കുന്നത്.

ഇടുക്കി ഡൈവേര്‍ഷന്‍ ഡാമുകളായ കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളിലാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സൈറണുകള്‍ സ്ഥാപിച്ചത്. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു ലക്ഷങ്ങള്‍ മുടക്കി സൈറണ്‍ സ്ഥാപിച്ചത്. മഹാ പ്രളയകാലത്ത് ജില്ലയിലെ അണക്കെട്ടുകള്‍ തുറക്കുന്നത് അറിയിക്കാന്‍ യാതോരു മുന്നറിയിപ്പ് സംവിധാനങ്ങളും ഡാമുകളില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് സൈറണുകള്‍ സ്ഥാപിയ്ക്കാന്‍ തീരുമാനിച്ചത് രണ്ട് കിലോമീറ്റര്‍ ദൂര പരിധിയില്‍ സൈറണ്‍ ലഭ്യമാകുന്ന തരത്തിലുള്ള ഉപകരണം ഒരു വര്‍ഷം മുന്‍പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിന് ദൂര പരിധി കുറവാണെന്ന് ചൂണ്ടികാട്ടി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതിയ സൈറണ്‍ സ്ഥാപിയ്ക്കുകയായിരുന്നു. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷാ മുന്നറിയിപ്പ് എത്തിയ്ക്കാന്‍ സാധിയ്ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടായപ്പോഴും സൈറണ്‍ മുഴങ്ങിയില്ല. ഇതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ ശേഷിയുള്ള സൈറൺ സ്ഥാപിച്ചത്. ഇടുക്കി ഡാമിൽ സ്ഥാപിച്ച സൈറണ് സമാനമായ ഡബിൾ ഹോൺ സൈറണാണ് സ്ഥാപിച്ചത്.

അണക്കെട്ട് പരിസരത്ത് സൈറണിലേയ്ക്ക് ആവശ്യമായ ത്രി ഫേസ് ലൈന്‍ ഇല്ലാ എന്നതാണ് നിലവില്‍ സൈറണ്‍ മുഴങ്ങാത്തതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സൈറണുകള്‍ സ്ഥാപിച്ച സമയത്ത് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ മൂന്ന് തവണ അണക്കെട്ടിന് സമീപത്തെ വൈദ്യുത ഫ്യൂസ് കത്തി പോയിരുന്നു. കെട്ടിടത്തിലെ വയറിംഗ് പരിഹരിച്ച് സയറണ്‍റെ പ്രവര്‍ത്തനം മഴക്കാലത്തിന് മുന്‍പ് കാര്യ ക്ഷമമാക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്.

Leave a Reply