വൈറ്റമിന്‍ ഡിയുടെ കുറവ് ഒരു ചെറിയ പ്രശ്നമല്ല….

ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്

തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന വൈറ്റമിന്‍ ഡിയുടെ കുറവ് എന്നത് ഒരു അപരിചിത രോഗമായി പലര്‍ക്കും തോന്നാം. വൈറ്റമിന്‍ ഡിയുടെ കുറവ് എന്നത് ഒരു അപരിചിത രോഗമായി പലര്‍ക്കും തോന്നാം. എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല എന്ന് ചിന്തിക്കാനും സാധ്യതയുണ്ട്. എന്നാല്‍ കണക്കുകള്‍ കാണിക്കുന്നത് ലോകത്തില്‍ 50% പേരിലും ഇന്ത്യയില്‍ 6% പേരിലും വൈറ്റമിന്‍ ഡിയുടെ കുറവുണ്ട് എന്നാണ്.
ശരീരത്തിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പോഷകങ്ങള്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. പോഷകങ്ങള്‍ പലതുണ്ടെങ്കിലും അതില്‍തന്നെ മുഖ്യമാണ് വൈറ്റമിന്‍ ഡി അഥവാ സണ്‍ഷൈന്‍ വൈറ്റമിന്‍. അത് പ്രധാനമായും സൂര്യപ്രകാശത്തില്‍നിന്നും ലഭിക്കുന്നു എന്നതിനാലാണ് അതിനെ സണ്‍ഷൈന്‍ വൈറ്റമിന്‍ എന്ന് വിളിക്കുന്നത്.
പ്രായഭേദമെന്യേ ഇന്ന് കണ്ടുവരുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് നടുവേദന അല്ലെങ്കില്‍ സന്ധികളില്‍ വേദന. ഇതിന് പല കാരണങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ട ഒരു കാരണം വൈറ്റമിന്‍ ഡിയുടെ കുറവാണ്.
വൈറ്റമിന്‍ ഡി:-
വൈറ്റമിന്‍ ഡി ഒരു വൈറ്റമിനും ഒരു ഹോര്‍മോണുമാണ്. അത് സൂര്യപ്രകാശത്തില്‍നിന്നും, ഭക്ഷണത്തില്‍നിന്നും, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള സപ്ലിമെന്‍റുകളില്‍നിന്നും ലഭിക്കുന്നു.
വൈറ്റമിന്‍ ഡി രണ്ടു തരമുണ്ട്:
1. വൈറ്റമിന്‍ ഡി 3:- ശരീരത്തില്‍ കാത്സ്യം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന വിഭാഗമാണിത്.
2. വൈറ്റമിന്‍ ഡി 2:- സസ്യങ്ങളില്‍ നിന്നും ലഭിക്കുന്നത് ഈ വിഭാഗമാണ്.
വൈറ്റമിന്‍ ഡിയുടെ പ്രവര്‍ത്തനങ്ങള്‍
1. ശരീരത്തില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നതില്‍ വൈറ്റമിന്‍ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയും വികാസവും സുഗമമാക്കുന്നു.
2. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും, വിവിധ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനും വൈറ്റമിന്‍ ഡി സഹായിക്കുന്നു.  
3. മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു.
4. ശരീരഭാരം കുറയ്ക്കാനും ശരീരഭാരം ആരോഗ്യത്തോടെ നിയന്ത്രിക്കാനും സഹായിക്കുന്നു.
5. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ പ്രതിരോധിക്കാനും സഹായിക്കുന്നു.
വൈറ്റമിന്‍ ഡി കുറയുന്നതിന്‍റെ കാരണങ്ങള്‍
1. ആവശ്യത്തിന് സൂര്യപ്രകാശം ഏല്ക്കാത്തത്:- കൂടുതല്‍ സമയവും അകത്തിരുന്ന് ജോലി ചെയ്യുന്നതും, കെട്ടിടങ്ങള്‍ക്കുള്ളില്‍ ചിലവഴിക്കുന്നതും സൂര്യപ്രകാശം ശരീരത്തില്‍ വീഴാന്‍ സാധിക്കാത്ത വിധത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും, സണ്‍സ്ക്രീന്‍ ശരീരത്തില്‍ പുരട്ടുന്നതും ഒരു പ്രധാന കാരണമാണ്.
2. ചര്‍മ്മനിറം:- സൂര്യപ്രകാശത്തില്‍നിന്നും ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ എത്രനേരം വെയില്‍ കൊള്ളണമെന്നത് ചര്‍മ്മത്തിന്‍റെ നിറത്തെ ആശ്രയിച്ചിരിക്കുന്നു. ഇരുണ്ട ചര്‍മ്മക്കാര്‍ക്ക് സൂര്യപ്രകാശത്തിലൂടെയുള്ള വൈറ്റമിന്‍ ഡിയുടെ ഉത്പാദനം വെളുത്ത ചര്‍മ്മക്കാരെ അപേക്ഷിച്ച് കുറവാണ്.
3. അമിതവണ്ണം:- അമിതവണ്ണമുള്ളവരില്‍ ആഹാരത്തില്‍നിന്നും വൈറ്റമിന്‍ ഡിയുടെ ആഗിരണം ശരിയായി നടക്കുന്നില്ല.
4. ചെറുകുടലില്‍ രോഗങ്ങള്‍:- ഇതുമൂലം വൈറ്റമിന്‍ ഡിയുടെ ചെറുകുടലിലൂടെയുള്ള ആഗിരണം ശരിയായി നടക്കാതെ വരുന്നു.
5. പ്രായാധിക്യം:- പ്രായംകൂടുംതോറും വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്‍റെ കഴിവ് കുറഞ്ഞുവരുന്നു.
6. കിഡ്നി രോഗങ്ങളുള്ളവര്‍:- വൃക്കരോഗമുള്ളവര്‍ക്ക് വൈറ്റമിന്‍ ഡിയെ സജീവ ഘടകം ആക്കി മാറ്റാനുള്ള കഴിവ് കുറവായിരിക്കും.
വൈറ്റമിന്‍ ഡി കുറയുമ്പോഴുള്ള ലക്ഷണങ്ങള്‍:-
1. അസ്ഥി വേദന:- എല്ലുകളെ നിര്‍മ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വൈറ്റമിന്‍ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നതിനാല്‍, അതിന്‍റെ കുറവ് നടുവേദന, അസ്ഥികളില്‍ വേദന എന്നിവയും, അസ്ഥികളില്‍ ബലക്ഷയവും അതുമൂലം ഒടിവുകള്‍ ഉണ്ടാകാനും കാരണമാകുന്നു.
2. കുട്ടികളില്‍ കണ്ടുവരുന്ന പിള്ളവാതത്തിന്‍റെ (റിക്കറ്റ്സ്) പ്രധാന കാരണം വൈറ്റമിന്‍ ഡിയുടെ കുറവാണ്.3. പേശി വേദന: വിട്ടുമാറാത്ത പേശി വേദനയ്ക്കും ഇത് ഒരു പ്രധാനകാരണമാണ്.
4. ക്ഷീണം, തളര്‍ച്ച
5. പല്ലുകള്‍ക്ക് ബലക്കുറവ് ഉണ്ടാകും.
6. വിഷാദരോഗം :- വൈറ്റമിന്‍ ഡിയുടെ കുറവ് വിഷാദവും നിരാശയും ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്, പ്രത്യേകിച്ച് പ്രായമായവരില്‍.
7.   രോഗപ്രതിരോധശേഷി കുറയുക: – ഇതുമൂലം അണുബാധകളും അസുഖങ്ങളും വരാന്‍ സാധ്യത ഏറെയാണ്; പ്രത്യേകിച്ച് ജലദോഷം, പനി, ശ്വാസകോശരോഗങ്ങള്‍ മുതലായവ ഇടയ്ക്കിടയ്ക്ക് ഉണ്ടാകാന്‍ ഇത് കാരണമാകുന്നു.
8. ഉറക്കക്കുറവ്
9. മുടികൊഴിച്ചില്‍:- മുടികൊഴിച്ചിലിന്‍റെ ഒരു കാരണം വൈറ്റമിന്‍ ഡിയുടെ കുറവാണ്.
10. ശരീരത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസമെടുക്കുക.
പരിശോധന:-
വൈറ്റമിന്‍ ഡിയുടെ കുറവ് കണ്ടെത്താന്‍ രക്തപരിശോധനയിലൂടെ സാധിക്കും. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇത് നടത്താവുന്നതാണ്.
പ്രതിരോധം:- വൈറ്റമിന്‍ ഡിയുടെ മികച്ച ഒരു ഉറവിടം സൂര്യപ്രകാശമാണ്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് മുമ്പ് 20 മുതല്‍ 30 മിനിറ്റ് സൂര്യപ്രകാശം ഏല്ക്കുന്നത് നല്ലതാണ്.
വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍:- വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടാകാതിരിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം അത് അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുക എന്നതാണ്.
1. കൊഴുപ്പുള്ള മത്സ്യം: മത്തി, കക്ക, ചെമ്മീന്‍, അയല, ചെമ്പല്ലി
2. മുട്ടയുടെ മഞ്ഞക്കരു: കുട്ടികളില്‍ വൈറ്റമിന്‍ ഡി ഉണ്ടാകാന്‍ ഏറ്റവും നല്ലത് മുട്ട നല്കുന്നതാണ്.
3. കൂണ്‍ :- സ്വാഭാവിക സൂര്യപ്രകാശത്തില്‍ വളരുന്ന കൂണുകളിലാണ് ഇരുണ്ട ചുറ്റുപാടുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വളരുന്ന കൂണുകളെക്കാളും വൈറ്റമിന്‍ ഡിയുടെ അളവ് കൂടുതലായി ഉണ്ടാകുക.
4. കോഡ് ലിവര്‍ ഓയില്‍:- ഒരു വ്യക്തിക്ക് പ്രതിദിനം ആവശ്യമായ വൈറ്റമിന്‍ ഡിയുടെ 75 ശതമാനം കോഡ് ലിവര്‍ ഓയിലില്‍ അടങ്ങിയിരിക്കുന്നു അതിനാല്‍ വൈറ്റമിന്‍ ഡി കുറവുള്ളവര്‍ക്ക് മികച്ച ഒരു മാര്‍ഗ്ഗമാണിത്.
5. തൈര്/ യോഗര്‍ട്ട്
6. ചീസ്
ഡോ. അനിറ്റ് ജോസഫ്