വിവിധ മത്സരപരീക്ഷകൾക്കു പരിശീലനം ; കോച്ചിംഗ് സെന്റർ ഫോർ മൈനൊറിറ്റി യൂത്തിലെ കോഴ്സുകൾക്കു അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തിലെ ജൂലൈ മുതല്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കുമാണ് പ്രവേശനം. പരീശീലനം സൗജന്യമാണ്. മത്സര പരീക്ഷകള്‍ക്ക് ക്ലാസെടുത്ത് പരിചയമുള്ള യോഗ്യരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്.ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറല്‍ സയന്‍സ്, ഭരണഘടന, ഇന്ത്യാ ചരിത്രം മറ്റു പൊതു വിജ്ഞാനങ്ങള്‍ എന്നിവയില്‍ ഊന്നിയായിരിക്കും ക്ലാസുകള്‍. 24 കേന്ദ്രങ്ങളും 32 ഉപകേന്ദ്രങ്ങളും അടക്കം 56 സെന്ററുകളില്‍ 40 മുതല്‍ 100 വരെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുക

യോഗ്യതയുടെയും, സാമൂഹിക-സാമ്ബത്തിക പിന്നാക്കവസ്ഥയുടെയും പരിഗണനയിലായിരിക്കും പ്രവേശനം.ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയും ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയും നീളുന്ന ആറുമാസ ക്ലാസുകളാണ് സി.സി.എം.വൈകളില്‍ ക്രമീകരിച്ചിരിക്കുന്നത്. ഡിഗ്രി ബാച്ച്‌, പ്ലസ് ടു ബാച്ച്‌, ഹോളിഡേ ബാച്ച്‌ എന്നിവയിലേക്കാണ് പ്രവേശനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അതത് സി.സി.എം.വൈകളിലേക്ക് ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കണം. കോച്ചിംഗ് സെന്ററുകളുടെ പ്രാദേശിക അവസ്ഥ പരിഗണിച്ച്‌ ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാന്‍ അതത് സി.സി.എം.വൈകള്‍ അവസരം ഒരുക്കുന്നുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ വിലാസം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 16 വൈകുന്നേരം അഞ്ച് മണി.