ഡോ. റൂബിള്‍ രാജ്
ദൈവം മനുഷ്യന് തന്ന ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് സംസാരശേഷി. മനുഷ്യനൊപ്പം സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങളും ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും അവര്‍ക്ക് അക്ഷരമാലയോ, ലിപിയോ, സാഹിത്യമോ ഒന്നുമില്ല.
മനുഷ്യന് ലഭിച്ച ഈ കഴിവുകൊണ്ട് നാം മറ്റുള്ളവര്‍ക്ക് സമ്മാനിക്കേണ്ടത് മുള്‍ക്കിരീടമാണോ, പൂമെത്തയാണോ? സംശയം വേണ്ട, പൂമെത്ത തന്നെ. എന്നാല്‍ സംഭവിക്കുന്നതോ?
എന്‍റെ ഓര്‍മ്മയിലെവിടെയോ കിടക്കുന്ന ഒരു പരാമര്‍ശം ഞാന്‍ ചികഞ്ഞെടുക്കട്ടെ – ‘വാക്കുകൊണ്ട് മുറിവേറ്റവരാണ് മിസ്സൈലുകൊണ്ടും ബോംബുകൊണ്ടും മുറിവേറ്റവരേക്കാള്‍ കൂടുതല്‍.’ വേദന ജനിപ്പിക്കുവാനും ശമിപ്പിക്കുവാനും ഉത്തേജിപ്പിക്കുവാനും വാക്കുകള്‍ക്ക് സാധിക്കും. വാക്കിനെ ആയുധമാക്കണോ, സാന്ത്വനമാക്കണോ എന്നൊക്കെയുള്ള തീരുമാനം വ്യക്തിപരമാണ്.
വാക്കുകളുടെ സ്വഭാവം അനുഭവിച്ചറിഞ്ഞ ഏതാനും സംഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം.
എനിക്കൊരു ഡ്രൈവറുണ്ടായിരുന്നു. പ്രീഡിഗ്രിവരെ പഠിച്ച അവന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഓട്ടം കഴിഞ്ഞ് യാത്ര പറയുമ്പോള്‍ എന്നോടും പിരിയും മുമ്പ് മറ്റുള്ളവരോടും മറക്കാതെ അവന്‍ പറയുന്ന ഒരാശംസയുണ്ട് – ‘ദൈവം അനുഗ്രഹിക്കട്ടെ’. നമുക്കും ഇത് പകര്‍ത്താനാവില്ലേ? യാത്രക്കിടയില്‍ എപ്പോഴെങ്കിലും, ആംബുലന്‍സ്, രോഗിയുമായി പായുമ്പോള്‍ ഉടന്‍ തന്നെ കുരിശുവരയ്ക്കുന്നതും നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നതും അവന്‍റെ ശീലമായിരുന്നു. സന്തോഷത്തോടെ ഞാനും അത് അനുകരിക്കുവാന്‍ ആരംഭിച്ചു.
ഒരു രോഗിയെ സന്ദര്‍ശിക്കുവാന്‍ ചെന്നാല്‍ രോഗിയുടെ ക്ഷേമത്തേക്കാള്‍ നമുക്ക് അറിയേണ്ടത് രോഗലക്ഷണം എന്തായിരുന്നു. എന്നു തുടങ്ങി, ഇപ്പോള്‍ ചികിത്സ എന്താണ്, എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളാണ്. രോഗി ഇതിനോടകം ഇക്കാര്യം പലരോടും ആവര്‍ത്തിച്ച് മടുത്തിട്ടുണ്ടാവണം. മറിച്ച്, പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞോ, പ്രാര്‍ത്ഥിച്ചോ മടങ്ങിയാല്‍ രോഗിയുടെ സൗഖ്യം വേഗത്തിലാവും.
രോഗീസന്ദര്‍ശകനായ മലയാളിയുടെ സ്വഭാവത്തെ പരിഹസിക്കുന്ന ഒരു ഫലിതം വായിച്ചതോര്‍ക്കുന്നു. ഒരു അമേരിക്കക്കാരന്‍ രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ ബൊക്കെയുമായിട്ടാകും പോവുക. ‘get well soon’ എന്ന് ആശംസിച്ച് മടങ്ങും. അറബി ചെന്നാല്‍ ‘അള്ളാഹു സുഖപ്പെടുത്തട്ടെ’ എന്നു പറഞ്ഞ് മടങ്ങും. മലയാളി ചെന്നാലോ, രോഗവിവരങ്ങളും ലക്ഷണവുമെല്ലാം മനസ്സിലാക്കിയിട്ട് പറയും ‘എന്‍റെ കസിന് രണ്ടാഴ്ച മുമ്പ് ഇതേ ലക്ഷണങ്ങളോടെയാണ് തുടങ്ങിയത്. മൂന്നാം ദിവസം ഭിത്തിയില്‍ കയറി.’ വാക്ക് ആയുധമാക്കുന്നതിലുള്ള പരിഹാസമാണിത്.
ഒരു മരണവീട്ടില്‍ ചെന്നാലും നമുക്കറിയേണ്ടത് എന്തായിരുന്നു, എപ്പോഴായിരുന്നു എന്ന് തുടങ്ങിയുള്ള കാര്യങ്ങളാണ്. മടുത്ത്, വാട്സാപ്പില്‍ ഇട്ടിട്ടുണ്ട് നോക്കിക്കോ എന്ന് വീട്ടുകാര്‍ പറഞ്ഞുപോകും. എന്നാല്‍, മൃതശരീരത്തിനടുത്തുനിന്ന് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുകയോ രണ്ടു വാക്ക് പറയുകയോ ചെയ്തശേഷം, നമുക്കടുപ്പമുള്ള വ്യക്തിയെ കണ്ട് അനുശോചനം അറിയിച്ച്, പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞ് മടങ്ങുമ്പോള്‍ നമ്മുടെ സാന്നിദ്ധ്യത്തിന്‍റെ മഹിമ ഏറും.
വിവാഹത്തോടനുബന്ധിച്ചുള്ള സന്ദര്‍ശനമാണെങ്കില്‍ വധൂവരന്മാരെ സമര്‍പ്പിച്ച് ഒന്ന് പ്രാര്‍ത്ഥിക്കുന്നത് ഉചിതമായിരിക്കും. ഭവനസന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനു മുമ്പും പ്രാര്‍ത്ഥന എത്തിക്കുന്നത് വീട്ടുകാര്‍ക്ക് സന്തോഷമായിരിക്കും.
വാക്കുകളെ മുള്ളുകളാക്കുവാനും മുറിവുകളാക്കുവാനും ആശ്വാസ തൈലമാക്കുവാനും നമുക്കാവും. തീരുമാനം നമ്മുടേത് മാത്രം.
ആഹാരം കൊണ്ട് വയറു മാത്രവും വാക്കുകൊണ്ട് മനസ്സും വയറും നിറയുമെന്നത് എന്‍റെ അനുഭവപാഠമാണ്.

