ഡോ. ജൂബി മാത്യു, പ്രൊഫസര്‍,
അമല്‍ജ്യോതി കോളേജ്
ഇന്‍റര്‍നെറ്റിനെ അടുത്തറിയാവുന്നവര്‍ക്ക് വളരെ പരിചിതമായ പദമാണ് വിപിഎന്‍ അഥവാ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (Virtual Private Network). വിപിഎന്‍ എന്നത് നമ്മുടെ വീടുകളിലെയോ കമ്പനികളിലെയോ ഇന്‍റര്‍നെറ്റ്, പുറത്തുള്ള ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കുമ്പോള്‍ സുരക്ഷിതമായ ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു ഇന്‍റര്‍നെറ്റ് ഉപകരണമാണ്. ഇന്‍റര്‍നെറ്റില്‍ നമ്മളെ ആരും പിന്തുടരാതെയിരിക്കാന്‍ സഹായിക്കുകയാണ് വിപിഎന്‍ ചെയ്യുന്നത്.
സാധാരണ രീതിയില്‍ ഐപി അഡ്രസ്സ് (Internet Protocol Address) ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സ്ഥലം, കംപ്യൂട്ടര്‍ വിവരങ്ങള്‍ തുടങ്ങിയവ കണ്ടെത്താം. വിപിഎന്‍ ഉപയോഗിക്കുമ്പോള്‍ ഈ ഐപി അഡ്രസ് മറയ്ക്കപ്പെടുകയാണ് ചെയ്യുക. പകരം പ്രത്യേക ക്രമീകരണം വഴി, റിമോട്ട് സേര്‍വറിലൂടെ നെറ്റ്വര്‍ക്കിനെ മാറ്റി ഉപയോഗിക്കും. അതുകൊണ്ടുതന്നെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുടെ വിവരങ്ങള്‍ ലഭ്യമാകില്ല. ഉപയോഗിക്കുന്ന ആളുടെ സ്വകാര്യതയും അജ്ഞാതനായിരിക്കാനുള്ള താല്‍പര്യവുമാണ് വിപിഎന്‍ ഉപയോഗത്തിന്‍റെ പിന്നിലെന്ന് പറയാം.
നോഡ് വിപിഎന്‍, എക്സ്പ്രസ്സ് വിപിഎന്‍, ഐപി വാനിഷ് തുടങ്ങിയവ വിപിഎന്‍ സേവനങ്ങള്‍ നല്‍കുന്ന പ്രധാനപ്പെട്ട കമ്പനികളാണ്.
കോര്‍പ്പറേറ്റ് കമ്പനികളുടെ ഡേറ്റ സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളിലൊന്നാണ് വിപിഎന്നിന്‍റെ ഉപയോഗം. മിക്ക കമ്പനികളും പ്രത്യേകിച്ച്, ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാല്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഏതൊരു കോര്‍പ്പറേറ്റ് കമ്പനിയുടെയും പ്രതിരോധത്തിന്‍റെ ആദ്യപടിയാണ് വിപിഎന്‍ എന്നുവേണമെങ്കില്‍ പറയാം. സുരക്ഷിതമല്ലാത്ത ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ കമ്പനിയുടെ സേര്‍വറിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ട്.
റെയില്‍വേ സ്റ്റേഷനുകള്‍, സൈബര്‍ കഫേകള്‍, റസ്റ്റോറന്‍റുകള്‍ മുതലായവയില്‍ ലഭ്യമായ പൊതു വൈഫൈ, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും പിന്തുടരുന്നവര്‍ക്കും ഒരു പ്രധാന ഇടമാണ്. കംപ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും പാസ്വേര്‍ഡുകള്‍ തട്ടിയെടുക്കാനും സൈബര്‍ ആക്രമണങ്ങള്‍ നടത്താനും പൊതുനെറ്റ്വര്‍ക്കുകള്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ചേക്കാം. ഐപി അഡ്രസ്, നെറ്റ്വര്‍ക്ക് ട്രാഫിക്കിന്‍റെ ഉറവിടം, ഇന്‍റര്‍നെറ്റ് ബ്രൗസിങ് സെഷന്‍ എന്നിവ മറച്ചുകൊണ്ട് ഓണ്‍ലൈനില്‍ സുരക്ഷിതരാകുന്ന വിപിഎന്‍, ഈ അപകട സാധ്യതകള്‍ തടയുന്നു.
ഇന്‍റര്‍നെറ്റ് ഉപയോഗം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിപിഎന്‍ വഴിയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രധാന വെല്ലുവിളിയാണ്. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം, ചില രാജ്യങ്ങളില്‍ മാത്രം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍ കാണാനുള്ള സൗകര്യം, നിരോധിക്കപ്പെട്ട പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം, തുടങ്ങിയ നിരവധി കാര്യങ്ങള്‍ക്കുവേണ്ടി വിപിഎന്‍ ഉപയോഗിക്കുന്നുണ്ട്. ഐഡന്‍റിറ്റി വെളിപ്പെടുത്താതെയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം നിരവധി സാമൂഹ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. വിപിഎന്‍ ഉപയോഗിക്കുന്നതോടെ, ഒരാളുടെ വെബ്സൈറ്റ് സന്ദര്‍ശനങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും മറയ്ക്കപ്പെടുകയും ഇത് പലപ്പോഴും കുറ്റവാളികളിലേക്ക് എത്താനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്.
വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കുറഞ്ഞത് 5 വര്‍ഷംവരെ സൂക്ഷിക്കുകയും ആവശ്യമെങ്കില്‍ ഗവണ്മെന്‍റിന് നല്‍കുകയും ചെയ്യണമെന്ന ഉത്തരവ് കഴിഞ്ഞ മാസമാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വിപിഎന്‍ കമ്പനികള്‍ക്ക് നല്കിയത്. കുറ്റവാളികള്‍ക്ക് ഓണ്‍ലൈനില്‍ ഒളിച്ചുകഴിയാനുള്ള അവസരം ഒരുക്കുകയാണ് വിപിഎന്‍ സേവനങ്ങള്‍ ചെയ്യുന്നതെന്നാണ് ഗവണ്മെന്‍റിന്‍റെ വാദം.
ഉപയോക്താക്കളുടെ ഇന്‍റര്‍നെറ്റിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച്, സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക, ഐടി സംവിധാനത്തിലേക്ക് കടന്നുകയറുക, സേര്‍വറുകളെ ആക്രമിക്കുക തുടങ്ങിയവ ചെയ്യുന്നവരുടെ ശരിക്കുള്ള ഐപി അഡ്രസും മറ്റ് സ്വകാര്യവിവരങ്ങളുമാണ് ഗവണ്മെന്‍റുമായി പങ്കുവയ്ക്കേണ്ടത്. എന്നാല്‍ കേന്ദ്ര ഗവണ്മെന്‍റിന്‍റെ നിര്‍ദ്ദേശം തങ്ങളുടെ നയങ്ങള്‍ക്കെതിരാണെന്ന നിലപാടിലാണ് പ്രമുഖ വിപിഎന്‍ കമ്പനികള്‍. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്നതാണ് അവരുടെ വാദം.
വിപിഎന്‍ ഉപയോഗിക്കുമ്പോള്‍ 100% സ്വകാര്യത ലഭിക്കുമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളില്‍നിന്ന് സംരക്ഷണം ലഭിക്കുമെങ്കിലും, വിപിഎന്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഇത് ഉപയോഗിക്കുന്ന മുഴുവന്‍ ആളുകളുടെയും സ്വകാര്യവിവരങ്ങള്‍ ലഭിക്കും. അതുകൊണ്ട് വിപിഎന്‍ സേവനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മാത്രം ഉപയോഗിക്കുക.

