മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള മാർച്ചിൽ വ്യാപക സംഘർഷം

കോഴിക്കോട്: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്കും വിവിധ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച്‌ നടത്തി.

കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി പ്രയോഗിച്ചു.

കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആര്‍ വൈ എഫ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി പ്രയോഗിച്ചു. കൊല്ലം ഈസ്റ്റ് സി.ഐ രതീഷിനും ഒരു ആര്‍.വൈ.എഫ് പ്രവര്‍ത്തകനും പരിക്കേറ്റു

കണ്ണൂരില്‍ സമരക്കാര്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറി കൊടി നാട്ടി. കോട്ടയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. ബിരിയാണി ചെമ്ബ് തലയിലേറ്റിയാണ് മാര്‍ച്ച്‌. കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം കലക്ടറേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസാരിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു.