രാജ്യത്ത് കൊവിഡ് വീണ്ടും പിടിമുറുക്കുന്നു;പതിനായിരത്തോടടുത്ത് രോഗികൾ, ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

പതിനായിരത്തോടടുത്ത് രോഗികൾ, ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8582 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നാല് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ടിപിആര്‍ നിരക്ക് 2.71 ശതമാനമായി ഉയര്‍ന്നതും ആശങ്ക ഉയര്‍ത്തുന്നു.

തുടര്‍ച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായതിന് പിന്നാലെ കൊവിഡ് വ്യാപനത്തില്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധനയും വാക്സിനേഷനും വര്‍ദ്ധിപ്പിക്കണം. മാസ്ക്, സാമൂഹിക അകലം ഉള്‍പ്പടെയുള്ള പ്രതിരോധ മാ‌ര്‍ഗങ്ങളില്‍ വീഴ്ച വരുത്തരുത് എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം. മാസ്ക് നിര്‍ബന്ധമായും ധരിക്കണം. കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധിക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. കൊവിഡ് കേസുകള്‍ ക്രമേണ കൂടുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണെന്ന് മന്ത്രി വ്യക്തമാക്കി.