ഒല്ലൂർ: മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തിൽ താലികെട്ട് കഴിഞ്ഞ് ഹരിതയുടെയും ശിവദാസിന്റെയും കൈകൾ ചേർക്കുമ്പോൾ ഫാ. ജോർജ് കണ്ണംപ്ലാക്കൽ അച്ഛന്റെ സ്ഥാനത്തായിരുന്നു. സ്വന്തം മകളെപ്പോലെ വളർത്തിയവൾക്കുവേണ്ടി അദ്ദേഹം ളോഹ അൽപ്പനേരത്തേക്ക് അഴിച്ചുമാറ്റി കസവുമുണ്ടും ഷർട്ടും ധരിച്ചു.
ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിൽ രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത എത്തിപ്പെട്ടത്. പിന്നീട് ഇതുവരെ ആശ്രമത്തിന്റെ മകളായിത്തന്നെ വളർന്നു. ഇതിനിടയിൽ യു.പി. സ്കൂൾ പഠനത്തിന് മാളയിലെ ഒരു കോൺവെന്റ് സ്കൂളിൽ ചേർത്തു. ഇതേ സ്കൂളിലാണ് അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്.
പിന്നീട് ഇവർ തമ്മിൽ കണ്ടത് വിവാഹപ്പുടവ നൽകാൻ വെള്ളിയാഴ്ച ആശ്രമത്തിലെത്തിയപ്പോഴാണ്. കുറച്ചുനാൾമുമ്പ് അന്നത്തെ യു.പി. ക്ലാസിലുണ്ടായിരുന്നവർ നടത്തിയ ഓൺലൈൻ സൗഹൃദക്കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യു.എ.ഇ.യിൽ അക്കൗണ്ടന്റാണ് ശിവദാസ്. ഹരിത അഹമ്മദാബാദിൽ നഴ്സ്.
രണ്ടാമൂഴത്തിലെ പരിചയം വിവാഹാലോചനയിലെത്തി. ശിവദാസിന്റെ വീട്ടുകാർ ആശ്രമത്തിലെത്തി പെണ്ണുകാണലും നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാദർ, അച്ഛന്റെ സ്ഥാനത്തുനിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടത്തിയത്. ആശ്രമത്തിൽ മറ്റ് അന്തേവാസികൾക്കൊപ്പം വരന്റെ വീട്ടുകാർക്കും നാട്ടുകാർക്കും സദ്യയും നൽകി.

