കേരളത്തിലെ വിവിധ ജില്ലകളിലെ കർഷകരെയും സാധാരണക്കാരെയും ഒരുപോലെ സാരമായി ബാധിക്കുന്ന ബഫർ സോൺ വിഷയത്തിനെതിരെ ശക്തമായ പ്രതിഷേധ പരുപാടികളുമായി ഇൻഫാം. അതിന്റെ ഭാഗമായി കർഷകരെ സംഘടിപ്പിച്ച് വ്യാപകമായി ബഫർ സോൺ മോചന സമരം നടത്തുവാൻ ഇൻഫാം നേതൃത്വം തീരുമാനിച്ചു . ഇൻഫാം നേതൃസംഗമവും ബഫർ സോൺ മോചന സമര പ്രഖ്യാപനവും ജൂൺ 23ന് രാവിലെ 11ന് കട്ടപ്പന, മുണ്ടക്കയം, എരുമേലി സോണുകളിലായി നടക്കുമെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.സംരക്ഷിത വനമേഖലകളുടെ
അതിർത്തിക്കു ചുറ്റും ഒരു കിലോമീറ്റർ
പരിസ്ഥിതിലോല മേഖല നിർബന്ധമായും
വേണമെന്ന 03-06-2022 ലെ സുപ്രീം
കോടതിവിധിയിൽ നിരവധി കർഷകർ
ആശങ്കയിലാണ്. ഈ വിധി നടപ്പിലാകുന്നതോടെ കർഷകരുടെ കൃഷിഭൂമി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിൽ നിന്ന് കർഷകരെ
രക്ഷിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടലാണ് ഇൻഫാം
ആവശ്യപ്പെടുന്നത്. സുപ്രീം കോടതി പറഞ്ഞിരിക്കുന്ന സെൻട്രൽ എം പവർ കമ്മിറ്റിയുടെ മുമ്പാകെ കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബഫർ സോൺ വനാതിർത്തിക്കുള്ളിൽ തന്നെ നിലനിർത്താനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. ഒരു മീറ്റർ പോലും കർഷകരുടെ കൃഷിയിടത്തിലേക്ക് ബഫർ സോൺ ഇറങ്ങിവരാൻ പാടില്ല. അങ്ങനെ ഇറങ്ങിവന്നാൽ, കാലാകാലങ്ങളായി മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ തങ്ങളുടെ പ്രജകൾക്കു നൽകിയ പട്ടയത്തിലൂടെ അംഗീകരിക്കപ്പെട്ടതും കർഷകർ വിലകൊടുത്ത് വാങ്ങിയതുമായ അവരുടെ സ്വത്തിന്മേലുള്ള വനം വകുപ്പിന്റെ കടന്നുകയറ്റമായി അത് പരിഗണിക്കണം.
ഈ ബഫർ സോൺ നിശ്ചിത വനാതിർത്തിയിൽ നിന്ന് കർഷകരുടെ ഭൂമിയിലേക്ക് ഇറക്കുന്നതിനു പകരം വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തി സോളാർ വേലികളോ കിടങ്ങുകളോ മറ്റെന്തെങ്കിലും ഉപാധികളോകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിച്ചു നിർത്തുകയും ജീവിക്കുവാനുള്ള മനുഷ്യന്റെ അവകാശത്തെ സംരക്ഷിക്കുകയും ചെയ്യണം. കേരളത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 29.65 ശതമാനം വനഭൂമിയാണെന്നിരിക്കെ ബഫർ സോൺ വനാതിർത്തിയിൽ വച്ച് ‘സീറോ’ആക്കിയാൽ പോലും കേരളത്തിലെ വനത്തിന്റെ വിസ്തീർണം അൽപ്പം പോലും കുറയുന്നില്ല.
ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരം ഒരുകാലത്ത് സർക്കാരിനാൽ കുടിയേറ്റപ്പെട്ട കർഷകർക്ക് അവിടെ
ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണം. പ്രഖ്യാപിച്ച വിധിയിൽ പ്രായോഗിക ബുദ്ധിമുട്ടുകളുള്ളപക്ഷം ജനങ്ങളുടെ ആവലാതിയും ബുദ്ധിമുട്ടും മനസിലാക്കി സെൻട്രൽ എംപവർമെന്റ് കമ്മിറ്റിയെ അറിയിക്കാനുള്ള അവസരം ഈ വിധിയിൽ തന്നെ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. ഈ അവസരം സർക്കാർ കൃത്യമായി വിനിയോഗിക്കണം. വിദഗ്ധരുടെ സഹായത്തോടെ കൃത്യമായ പഠനം നടത്തി മിനിസ്ട്രി ഓഫ്
എൻവയോൺമെന്റ് ഫോറസ്റ്റ് & ക്ലൈമറ്റ് ചേഞ്ചിനോടും സെൻട്രൽ എംപവേർഡ് കമ്മിറ്റിയോടും വേണ്ട നിർദേശങ്ങൾനൽകണം.
അതിനായി വേണ്ടിവന്നാൽ സംയുക്ത നിയമസഭ വിളിച്ചുകൂട്ടാൻ സർക്കാർ തയാറാകണമെന്നും ഇൻഫാം ആവശ്യപ്പെട്ടു. കർഷകർക്ക് അനുകൂലമായ നടപടികൾ ഉണ്ടാകുന്നതുവരെ ബോധവത്കരണ, സമര പരിപാടികളുമായി ഇൻഫാം രംഗത്തുണ്ടാകും.
23ന് രാവിലെ 11ന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പാരിഷ് ഹാളിൽ നടക്കുന്ന ബഫർസോൺ മോചന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരി അധ്യക്ഷതവഹിക്കും. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് പുൽത്തകടിയേൽ ആമുഖ പ്രഭാഷണം നടത്തും. മുണ്ടക്കയം കാർഷിക താലൂക്ക് മുണ്ടക്കയം കാർഷിക താലൂക്ക് പ്രസിഡന്റ് സണ്ണി എബ്രഹാം വെട്ടുകല്ലേൽ, പെരുവന്താനം കാർഷിക താലൂക്ക് പ്രതിനിധി അലക്സ് പവ്വത്ത് എന്നിവർ പ്രസംഗിക്കും.
കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കുന്ന സമരപ്രഖ്യാപനം വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ അധ്യക്ഷതവഹിക്കും. സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ ആമുഖപ്രഭാഷണം നടത്തും. കട്ടപ്പന കാർഷിക താലൂക്ക് പ്രസിഡന്റ് വർക്കി കെ.ജെ. കിളക്കാട്ട്, ജയകുമാർ മന്നത്ത്, സാബു മാളിയേക്കൽ എന്നിവർ പ്രസംഗിക്കും.
എരുമേലി അസംപ്ഷൻ ഫൊറോന പാരിഷ് ഹാളിൽ നടക്കുന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ അധ്യക്ഷതവഹിക്കും. കാർഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ ആമുഖപ്രഭാഷണം നടത്തും. എരുമേലി താലൂക്ക് പ്രസിഡന്റ് ജോസഫ് കെ.ജെ. കാരിക്കക്കുന്നേൽ, കുരുവിള ചാക്കോ താഴത്തുപീടികയിൽ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർമാരായ ഫാ. ആൽബിൻ പുൽത്തകിടിയേൽ, ഫാ. ജിൻസ് കിഴക്കേൽ, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ, ജോയിന്റ് സെക്രട്ടറി ജോർജ് സി. ചാക്കോ ചേറ്റുകുഴിയിൽ, ട്രഷറർ ജെയ്സൺ ജോസഫ് ചെമ്പ്ളായിൽ, താലൂക്ക് പ്രസിഡന്റ് ജോസഫ് കെ.ജെ. കാരിക്കക്കുന്നേൽ, കുരുവിള ചാക്കോ താഴത്തുപീടികയിൽ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർമാരായ ഫാ. ആൽബിൻ പുൽത്തകിടിയേൽ, ഫാ. ജിൻസ് കിഴക്കേൽ, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ, ജോയിന്റ് സെക്രട്ടറി ജോർജ് സി. ചാക്കോ ചേറ്റുകുഴിയിൽ, ട്രഷറർ ജെയ്സൺ ജോസഫ് ചെമ്പ്ളായിൽ, എരുമേലി കാർഷിക താലൂക്ക് പ്രതിനിധി കുരുവിള ചാക്കോ താഴത്തുപീടികയിൽ, മാർക്കറ്റിംഗ് സെൽ പ്രതിനിധി കെ.കെ. സെബാസ്റ്റ്യൻ കൈതയ്ക്കൽ, സബ്ജക്ട് എക്സ്പേർട്ട് നെൽവിൻ സി. ജോയി എന്നിവരും പങ്കെടുത്തു.

