സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെഎസ്‌ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാര്‍ പുതുക്കും. കെഎസ്‌ആര്‍ടിസിയില്‍ സാമ്ബത്തിക അച്ചടക്കം കൊണ്ടുവരുമെന്നും ആന്റണി രാജു പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസിന്റെ ഉദ്ഘാടനമാണ് ഇന്ന് മന്ത്രി നിര്‍വ്വഹിച്ചത്. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സര്‍വീസ്.

പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് പരീക്ഷണസര്‍വ്വീസിനുള്ള ബസ്സുകള്‍ കൈമാറിയത്.

കെഎസ്‌ആര്‍ടിസിയുടെ പുനുരുദ്ധാരണ പാക്കേജായ റീസ്ട്ക്ചര്‍ 2-ല്‍ വിഭാവനം ചെയ്തിട്ടുള്ള പ്രധാന കര്‍മ്മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം. ഇതിന്റെ ഭാഗമായി ഡീസല്‍ ബസ്സുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജിയിലേക്കും സിഎന്‍ജിയിലേക്കും പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.