ഇടുക്കി: സംസ്ഥാനത്തെ മലയോരമേഖലകളില്‍ പെയ്യുന്ന കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു. കനത്തമഴയില്‍ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു
.തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ ഉയര്‍ത്തി. .നെയ്യാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. നീരൊഴുക്ക് ശക്തമായതോടെ, പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി. ഇടുക്കി മൂലമറ്റത്തും കോട്ടയം മൂന്നിലവിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്
പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറി. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. നിലവില്‍ ആളപായം സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണുള്ളത്.
ഇടുക്കി മൂലമറ്റം കണ്ണിക്കല്‍ മലയിലാണ് ഉരുള്‍പൊട്ടിയത്. മണപ്പാടി, കച്ചിറമറ്റം പാലങ്ങള്‍ വെള്ളത്തിനടിയിലായി. വൈകിട്ട് ആറ് മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ഒഴുകിയെത്തിയ വെള്ളം മണപ്പാടി, കച്ചിറമറ്റം തോട്ടിലൂടെ ഒഴുകിപ്പോവുകയായിരുന്നു. മൂലമറ്റം മൂന്നുങ്കവയല്‍, മണപ്പാടി പ്രദേശത്തുള്ള വീടുകളില്‍ വെള്ളം കയറി. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു
കോട്ടയത്ത് മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയില്‍ ഗതാഗത തടസ്സമുണ്ടായി. കരിനിലം കവലയിലും വെള്ളം കയറി. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയും വെള്ളപ്പാച്ചിലുമാണ്. നദികളില്‍ ജലനിരപ്പുയര്‍ന്നു. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൂടല്‍, കലഞ്ഞൂര്‍, കോന്നി മേഖലകളിലും നദിയില്‍ വെള്ളം ഉയരുന്നുണ്ട്.
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. മീന്‍മുട്ടിയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

