സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വടക്കന്‍ കേരളത്തില്‍ മഴ കനക്കും.തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദപാത്തിയും മധ്യ കിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും.

കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. അതേസമയം കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് തടസമില്ല. കര്‍ണാടകതീരത്ത് വിലക്ക് തുടരുമെന്നും കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് 372 ക്യാമ്ബുകളിലായി ഇതുവരെ 14,482 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ദുരന്തനിവാര പ്രവര്‍ത്തനങ്ങള്‍ക്കായി 11 എന്‍ഡിആര്‍എഫ് സംഘങ്ങള്‍ വിവിധ ജില്ലകളില്‍ തുടരുകയാണ്.