ഇടുക്കി ഡാം രാവിലെ 10ന് തുറക്കും ; പെരിയാറിലൂടെ ഒഴുക്കുക 50 ക്യുമെക്സ് ജലം

ഇടുക്കി:ഇടുക്കി അണക്കെട്ട്
ഇന്ന് തുറക്കും. രാവിലെ 10ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറില്‍ മധ്യത്തിലുള്ളത് 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് (സെക്കന്‍ഡില്‍ 50,000 ലിറ്റര്‍) ജലമാണ് പെരിയാറിലൂടെ ഒഴുക്കുക.

കരകളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ജലനിരപ്പ് 2382.53 അടി ആയതോടെ ശനി പുലര്‍ച്ചെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈകിട്ട് 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്. 2021ല്‍ 2398 പിന്നിട്ടപ്പോഴാണ് തുറന്നത്. 2403 അടിയാണ് പരമാവധി ശേഷി. മുന്‍കരുതലായാണ് അണക്കെട്ട് തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇടുക്കി പദ്ധതി കമീഷന്‍ ചെയ്തശേഷം 10 തവണയാണ് തുറന്നത്. 1981, 92, 2018, 2021 വര്‍ഷങ്ങളിലാണിത്. ഏറ്റവും കൂടുതല്‍ കഴിഞ്ഞവര്‍ഷം തുറന്നു, നാല് തവണ.

മുല്ലപ്പെരിയാര്‍: 10 സ്പില്‍വേ ഷട്ടറും തുറന്നുതന്നെ
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളില്‍ മാറ്റമില്ലാതെ തുടരുന്നു. റൂള്‍ കര്‍വ് പ്രകാരം ആഗസ്തിലെ പരമാവധി സംഭരണം 137.5 അടി ആണെന്നിരിക്കെയാണ് തമിഴ്നാടിന്റെ ലംഘനം. വെള്ളി പകല്‍ ഒന്നോടെ 137.5 അടി എത്തിയപ്പോള്‍ തമിഴ്നാട് ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. ആദ്യം മൂന്ന് ഷട്ടര്‍ ഉയര്‍ത്തിയത് പിന്നീട് 10 ആക്കി. 24 മണിക്കൂറില്‍ ഇടുക്കി അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 6603.85 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് സെക്കന്‍ഡില്‍ 2122 ഘനയടി വീതം കൊണ്ടുപോയി. ഈ വെള്ളമെത്തുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടില്‍ ഇപ്പോള്‍ 70.01 അടി വെള്ളമുണ്ട്. സംഭരണശേഷിയാകട്ടെ 71 അടിയും.