ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് സ്ഥാനമേല്‍ക്കും. ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രധാന നേതാക്കള്‍ എല്ലാം ചടങ്ങില്‍ സന്നിഹിതരായിരിക്കും.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 528 വോട്ടുകളുടെ വന്‍ വിജയമാണ് ജഗ്ദീപ് ധന്‍കര്‍ നേടിയത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയെയാണ് പരാജയപ്പെടുത്തിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് ആണ് വേണ്ടത്. മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകള്‍ അസാധുവായി.
പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍ . രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗ് ദീപ് ധന്‍കര്‍. അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിസിക്സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

