സംസ്ഥാനത്തെ ക്ഷീര-കോഴി ക‍ര്‍ഷകരുടെ ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്താൻ മന്ത്രിസഭ അനുമതി നല്‍കി.

സംസ്ഥാനത്തെ ക്ഷീര-കോഴി ക‍ര്‍ഷകരുടെ ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ ഇന്ന് ചേ‍ര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവില്‍ 50 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് പഞ്ചായത്ത് ലൈസന്‍സ് വേണമായിരുന്നു. ഇതു 1000 കോഴികളായി ഉയര്‍ത്തുവാന്‍ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. ഇതുവരെ അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീരക‍ര്‍ഷകര്‍ക്കും പഞ്ചായത്ത് ലൈസന്‍സ് നി‍ര്‍ബന്ധമായിരുന്നു. ഇനി മുതല്‍ 20 പശുക്കളില്‍ കൂടുതലുണ്ടെങ്കില്‍ മാത്രം ലൈസന്‍സ് എടുത്താല്‍ മതിയാവും. ഇതിനായി പഞ്ചായത്ത് മുന്‍സിപ്പല്‍ ചട്ടം ഭേദ​ഗതി ചെയ്യാനും സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചു. കൊസ്സം മണ്‍ട്രോത്തിന് അടുത്ത് പെരുമണില്‍ പുതിയ പാലം നിര്‍മ്മിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചിട്ടുണ്ട്.സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് സെക്രട്ടേറിയറ്റിന് തീയിട്ടതെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് മന്ത്രിസഭായോഗത്തില്‍ ധാരണയായത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രസ് കൗണ്‍സിലിനെ സമീപിക്കും. ദേശീയതലത്തില്‍ വലിയ വിവാദം സൃഷ്ടിച്ച ക‍ര്‍ഷകബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചിട്ടുണ്ട്. ക‍ര്‍ഷകബില്ലിനെ ചോദ്യം ചെയ്ത കോടതിയില്‍ പോകുന്ന ആദ്യസംസ്ഥാനമായി ഇതോടെ കേരളം മാറുകയാണ്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്നും. ഗുരുതരമായ ഭരണഘടനാ വിഷയമാണിതെന്നും മന്ത്രിസഭായോ​ഗം വിലയിരുത്തി. ദേശീയതലത്തില്‍ ക‍ര്‍ഷകരുടെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിയൊരുക്കിയ ബില്ലിനെ സുപ്രീംകോടതിയില്‍ എത്തി എതിര്‍ക്കുന്നത് രാഷ്ട്രീയ നേട്ടമാകുമെന്നാണ് സ‍ര്‍ക്കാരിന്റേയും സിപിഎമ്മിന്റെയും കണക്കുകൂട്ടല്‍. അകാലിദള്‍ അടക്കമുള്ള എന്‍ഡിഎ ഘടകക്ഷികളില്‍ നിന്നും വിമ‍ര്‍ശനം നേരിടുന്നതിനിടെയാണ് ബിജെപി ക‍ര്‍ഷകബില്ലുമായി മുന്നോട്ട് പോകുന്നത്.

Leave a Reply