റെജി കാരിവേലില്‍
പുഴയിലും ആറ്റിലും വെള്ളക്കെട്ടിലുംപെട്ട് എത്രയോ സ്കൂള്‍ – കോളജ് വിദ്യാര്‍ത്ഥികളാണ് നമ്മുടെ നാട്ടില്‍ മുങ്ങിമരിക്കുന്നത്. അതുപോലെതന്നെ, യുവാക്കള്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന വാര്‍ത്തയില്ലാത്ത ദിനപ്പത്രവുമില്ല. ദുരന്തവാര്‍ത്തകള്‍ ആവര്‍ത്തിക്കുമ്പോള്‍ നമുക്ക് ഞെട്ടലും ദുഃഖവും! എല്ലാം പതിയെ മറക്കുന്നു. നാളത്തെ തലമുറ അകാലത്തില്‍ നമ്മേ വിട്ടുപിരിയുന്നത് വീടിനും നാടിനും തീരാനഷ്ടമാണ്. ഇതിനുപരിഹാരമെന്തെന്ന് ഇനിയെങ്കിലും നാം ഉണര്‍ന്ന് ചിന്തിക്കണം. അതിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം.
വീട്ടില്‍നിന്നും പുസ്തകസഞ്ചിയുമായി സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ആരുടെയും അനുവാദമില്ലാതെ കൂട്ടുകാരുമായി കുളിക്കാനായി ജലാശയങ്ങളിലേക്ക് നീങ്ങുന്നത് പതിവു സംഭവമാണ്. മദ്യക്കുപ്പിയും വാങ്ങി സ്കൂള്‍ കുട്ടികള്‍വരെ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് തിരിക്കുന്നത് നാടിന്‍റെ ശീലമായി മാറുന്നു. നീന്തല്‍ വശമില്ലാതെ, ആറ്റിലും പുഴയിലും കുളിച്ചുപരിചയമില്ലാത്തവര്‍ വെള്ളം കാണുമ്പോള്‍ എല്ലാം മറന്ന് എടുത്തുചാടുന്നത് മരണക്കയങ്ങളിലേക്കാണ്. മുന്നറിയിപ്പുബോര്‍ഡുകള്‍ അവഗണിച്ചും പരിസരവാസികളുടെ നിര്‍ദ്ദേശം മാനിക്കാതെയും തന്നിഷ്ടപ്രകാരം മൊബൈല്‍ ഫോണില്‍ ‘സെല്‍ഫി’യെടുക്കാന്‍ ചെറുപ്പക്കാര്‍കാട്ടുന്ന ആവേശം അവരെ മരണമുഖത്തേയ്ക്ക് തള്ളിവിടുന്നു. വെള്ളത്തില്‍ അകപ്പെട്ട് മുങ്ങിത്താഴുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഒപ്പമുള്ളവരും മരണത്തിന് കീഴടങ്ങുന്നത്. ആടിപ്പാടി നടത്തുന്ന വിനോദയാത്രകള്‍ തിരികെ വിലാപയാത്രകളായി മാറുന്നു. കുടുംബത്തിലെ ഏക ആണ്‍തരിയുടെ വേര്‍പാട് സഹിക്കാനാവാതെ ജീവിതകാലം മുഴുവന്‍ കണ്ണീരൊഴുക്കുന്ന മാതാപിതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ചുള്ള മക്കളുടെ ‘കുളിക്കാന്‍പോക്ക്’ എത്രയോ കുടുംബങ്ങളെ തളര്‍ത്തുന്നു!
ക്ഷണിച്ചുവരുത്തുന്ന മുങ്ങിമരണം ഒഴിവാക്കാന്‍ നാം ഇനിയെങ്കിലും ഉണരണം. നീന്തല്‍ അറിയില്ലാത്ത മക്കളെ ഒരു കാരണവശാലും മുതിര്‍ന്നവരില്ലാതെ ജലാശയങ്ങളില്‍ കുളിക്കാന്‍ അനുവാദം കൊടുക്കരുത്. രക്ഷിതാക്കള്‍ മക്കളുടെ കൂട്ടുകെട്ടും നീക്കങ്ങളും ജാഗ്രതയോടെ നിരീക്ഷിക്കണം. വിനോദയാത്രകള്‍ക്ക് നിയന്ത്രണമുണ്ടാവണം. നീന്തല്‍ സ്കൂളുകളില്‍ പാഠ്യേതരവിഷയമായി ഉള്‍പ്പെടുത്തണം. നീന്തല്‍ പരിശീലനത്തിനായി സമയം പഠനത്തോടൊപ്പം കണ്ടെത്താന്‍ ശ്രമിക്കണം. ശരിയായ ബോധവത്ക്കരണം ഭരണകൂടവും അധികാരികളും സ്കൂള്‍ – കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്കണം.
‘ബൈക്ക്’ കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും എന്നും ഹരമാണ്; ആവേശമാണ്. ഇപ്പോള്‍ നമ്മുടെ നിരത്തുകളില്‍ ‘ബുള്ളറ്റ്’ തരംഗമാണ്. വിദേശരാജ്യങ്ങളിലെ രാജവീഥികളിലൂടെ പറക്കുന്ന ആഢംബരബൈക്കുകള്‍വരെ നമ്മുടെ ഗ്രാമീണ റോഡുകളില്‍ വരെയെത്തി. കുതിരപ്പുറത്തിരിക്കുന്നയാളിന്‍റെ തോളില്‍ കങ്കാരു അള്ളിപ്പിടിച്ചിരിക്കുന്നതുപോലെ തോന്നിപ്പോകും ‘ന്യൂജെന്‍’ യുവാക്കളുടെ ബൈക്ക് യാത്ര കണ്ടാല്‍. റോഡില്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ നമ്മുടെ ‘കുമാരന്മാര്‍’ കാട്ടുന്ന കൊപ്രായങ്ങള്‍ കണ്ടാല്‍ ക്ഷമ നശിക്കും. ഹെല്‍മെറ്റ് ഒഴിവാക്കി ബൈക്ക് ഓടിക്കാന്‍ പലരും ശ്രമിക്കുന്നു. ചിലര്‍ ‘ഫുട്റെസ്റ്റില്‍’ കാല്‍ ചവിട്ടാറില്ല. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് ബൈക്കില്‍ പായുന്നത് മറ്റു ചിലര്‍ക്ക് വിനോദമാണ്. ഒരു ബൈക്കില്‍ മൂന്നും നാലുംപേരെ കുത്തിത്തിരുകി പാതയില്‍ സാഹസംകാട്ടുന്നവരും കുറവല്ല. ലൈസന്‍സ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിക്കുന്നത് മറ്റുചിലര്‍ക്ക് പ്രശ്നമേയല്ല! രക്തത്തിളപ്പിന്‍റെ പ്രായത്തില്‍ ‘ആരുണ്ടിവിടെ ചോദിക്കാന്‍’ എന്ന ചിന്തയില്‍ ബൈക്കില്‍ അമിതവേഗതയില്‍ ചീറിപ്പാഞ്ഞ് നടുറോഡില്‍ അപകടത്തില്‍പ്പെട്ട് ഈയാംപാറ്റകളെപ്പോലെ പിടഞ്ഞുമരിക്കുന്ന നമ്മുടെ സഹോദരന്മാരെയോര്‍ത്ത് വിലപിക്കാതിരിക്കാന്‍ കഴിയില്ല. വീടിനും നാടിനും ആശ്രയവും പ്രതീക്ഷയുമായ യുവാക്കളുടെ വിലപ്പെട്ട ജീവനാണ് ഒരു നിമിഷംകൊണ്ട് നിരത്തില്‍ പൊലിയുന്നത്.
നാം നമ്മളിലേക്ക് തിരിയണം. മക്കളുടെ പിറന്നാളിന് പണ്ട് വാച്ചും, കുടയും, ഷര്‍ട്ടും, ചെരുപ്പുമൊക്കെയായിരുന്നു രക്ഷിതാക്കള്‍ വാങ്ങി നല്കിയിരുന്നത്. എന്നാല്‍ ഇന്നോ? 15 വയസുകാരന്‍ പയ്യന്‍ പറയുന്നത് അടിവരയിട്ട് മാതാപിതാക്കള്‍ക്ക് അനുസരിക്കേണ്ടി വരുന്നു. ബൈക്ക് വാങ്ങിനല്കണമെന്ന മകന്‍റെ ആവശ്യത്തിനുമുമ്പില്‍ അപ്പനും അമ്മയും കീഴടങ്ങേണ്ടിവരുന്നു. മക്കളുടെ പിടിവാശിയുടെ മുമ്പില്‍ മാതാപിതാക്കള്‍ വഴങ്ങിക്കൊടുക്കേണ്ട ഗതികേട് ഉണ്ടാവുന്നു. മറുവശത്ത്, പിച്ചവയ്ക്കുന്ന പ്രായത്തില്‍ മക്കളെ ബൈക്കില്‍ ഇരുത്തി ഹാന്‍ഡിലും, കാര്‍ ഓടിക്കുമ്പോള്‍ മടിയിലിരുത്തി സ്റ്റിയറിംഗും പിടിപ്പിക്കുന്ന മാതാപിതാക്കളാണ് മക്കള്‍ക്ക് മരണക്കെണിയൊരുക്കുന്നത്. 7 വയസുകാരനായ മകന് കാറിന്‍റെ സ്റ്റിയറിംഗ് ബാലന്‍സ് ഉണ്ടെന്നു പറയുന്നത് അഭിമാനമായാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്തായാലും 18 വയസ് തികയാതെ, ലൈസന്‍സ് ലഭിക്കാതെ മക്കളെ ബൈക്കുമായി റോഡിലേക്ക് പറഞ്ഞയയ്ക്കാന്‍ മാതാപിതാക്കള്‍ തുനിയരുത്. ഈ നിയമം വീട്ടില്‍തന്നെ തുടങ്ങണം. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നാം തയ്യാറാവണം. ഹെല്‍മറ്റ് ധരിച്ച് ബൈക്ക് ഓടിക്കുന്നത് അധികാരികളുടെ ശിക്ഷയല്ല, സുരക്ഷയാണെന്ന വിവേകം നമുക്കുണ്ടാവണം. ശ്രദ്ധ മരിക്കുമ്പോള്‍ മരണം ജനിക്കുന്നു – എന്ന സത്യം നമ്മുടെ മനസില്‍ പതിയണം.
മുങ്ങിമരണവും, ബൈക്ക് അപകടവും കൂടുതലും വന്നുചേരുന്നതല്ല, വരുത്തിവയ്ക്കുന്നതുതന്നെയാണ്. ഇവ ഒഴിവാക്കാന്‍ കുടുംബങ്ങളില്‍തന്നെ ശ്രമം തുടങ്ങണം. രക്ഷിതാക്കളും അധ്യാപകരും, നിയമപാലകരും, പൊതുസമൂഹവും നിദ്രവിട്ടുണര്‍ന്ന് പ്രവര്‍ത്തിക്കണം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന ചിന്ത നമ്മേ നയിക്കട്ടെ.

