സഭയുടെ പ്രേഷിത ദൗത്യത്തെ നവീകരിക്കുക: മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: നവീകരണത്തിന്റെ ആത്മാവ് സഭയില്‍ പ്രവര്‍ത്തനനിരതമാകാനുള്ള ചാലകശക്തികളിലൊന്നായി പാസ്റ്ററല്‍ കൗണ്‍സില്‍ മാറണമെന്നും സഭയുടെ പ്രേഷിത ദൗത്യത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സില്‍  ഉദ്ഘാടനം ചെയ്തുകൊണ്ട്  മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍പറഞ്ഞു.

കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക, സാമൂഹ്യ. സാംസ്‌കാരിക മേഖലകളില്‍ അനുദിനം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ വിശ്വാസിസമൂഹം പ്രാപ്തരാകണം. ആനുകാലിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാനും നിലപാടുകളെടുക്കുവാനും മുന്നോട്ടുവരണം. അപ്പസ്‌തോലിക കൂട്ടായ്മയോടുചേര്‍ന്ന് പ്രവര്‍ത്തിക്കാനും സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ വേണം. ദളിത് ക്രൈസ്തവ സമൂഹത്തിന് നീതി ലഭ്യമാക്കണം. സഭയുടെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള ദൗത്യമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ളതെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മപ്പെടുത്തി.

പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. പാസ്റ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി ഡോ.ജൂബി മാത്യുവിനെ പ്രഖ്യാപിച്ചു.   വികാരിജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി,  വികാരി ജനറാള്‍ റവ.ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലയോരമേഖലകളിലെ പട്ടയം, ബഫര്‍സോണ്‍ പ്രശ്‌നങ്ങള്‍, പാഠപുസ്തകങ്ങളിലെ ചരിത്രതമസ്‌കരണം, വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികള്‍, യുവതലമുറയുടെ ആഗോള കുടിയേറ്റവും വെല്ലുവിളികളും, കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച, രൂപതാ ജൂബിലി ആഘോഷപരിപാടികള്‍ എന്നിവയെക്കുറിച്ച് കൗണ്‍സില്‍ ചര്‍ച്ചചെയ്തു.

ചര്‍ച്ചകളില്‍ പങ്കെടുത്ത് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, റവ. ഡോ. മാത്യു പായിക്കാട്ട്, ആന്റണി ആലഞ്ചേരി, ജോയി വെട്ടിക്കുഴി, അഡ്വ.എബ്രാഹം മാത്യു, തോമസ് വെള്ളാപ്പള്ളി, ഡോ.ജോസ് കല്ലറയ്ക്കല്‍, എബ്രാഹം പുതുമന, മാഗി ജോസഫ്, ജോളി ജോസഫ്, പ്രൊഫ.സാജു കൊച്ചുവീട്ടില്‍, ജോസ് ജോസഫ് വെട്ടിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ബഫര്‍സോണ്‍ സീറോ ബഫര്‍സോണായി വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്നും പട്ടയങ്ങളുടെ നിയമസാധുത റദ്ദ്‌ചെയ്യരുതെന്നും ചരിത്രസത്യങ്ങളെ തമസ്‌കരിക്കുന്ന വിവിധ ക്ലാസുകളിലെ സാമൂഹ്യ ചരിത്ര പാഠപുസ്തകങ്ങള്‍ തിരുത്തലുകള്‍ക്ക് വിധേയമാക്കണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അവതരിപ്പിച്ച പ്രമേയം തീരദേശജനതയുടെ ജീവിത പോരാട്ടങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയിലെ ആനുകാലിക പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരം കാണണമെന്നും ന്യായവില പ്രഖ്യാപിച്ച് കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍ കര്‍ഷകസമൂഹത്തെ സംരക്ഷിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഡോ ജൂബി മാത്യു
കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത 12-ാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ജൂബി മാത്യുവിനെ തിരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളി രൂപത പിതൃവേദി സെക്രട്ടറി, വിശ്വാസ പരിശീലന കേന്ദ്രം ടെക്‌നിക്കല്‍ സപ്പോര്‍ട്ടര്‍, രൂപതയിലെ വിവിധ കമ്മിറ്റികളിലെ അംഗം തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യം തെളിയിച്ച ഡോ ജൂബി മാത്യു, അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ്.

എ. പി. ജെ അബ്ദുല്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍, റിസര്‍ച്ച് ഗൈഡ്, വിവിധ റിസര്‍ച്ച് സ്‌കോളേഴ്‌സിന്റെ ഡോക്ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍, എംസിഎ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍  ഇപ്പോള്‍ സേവനം ചെയ്യുന്നു. 22-ഓളം അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹത്തിന് മികച്ച പ്രബന്ധത്തിനുള്ള നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ശാസ്ത്ര വിഷയങ്ങളില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ് ഡോ. ജൂബി മാത്യു. ‘അല്‍ഗോരിതം അനാലിസിസ്’ എന്ന പുസ്തകം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, എ. പി. ജെ അബ്ദുല്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍  ബിരുദതലത്തില്‍ റഫറന്‍സ് ബുക്കായി ഉപയോഗിക്കുന്നു. കമ്പ്യൂട്ടര്‍ രംഗത്തെ നൂതന വിപ്ലവങ്ങള്‍, സൈബര്‍ സുരക്ഷ മുന്‍കരുതലുകള്‍ എന്നിവയുടെ ഗ്രന്ഥകാരന്‍ കൂടിയാണ്. ദര്‍ശകന്‍, വെളിച്ചം, വിളക്ക്, ജീവധാര തുടങ്ങിയ മാസികകളില്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതുന്നുണ്ട്. കൊല്ലമുള പള്ളിവാതുക്കള്‍ മാത്യു-കത്രിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ദീപ, മക്കള്‍ ദിയ, നിയ, ജയ്ക്ക്