പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.

1985-ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി.

പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്ബര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ മലയാള സിനിമയില്‍ മികച്ച വിജയങ്ങള്‍ നേടിയ ചിത്രങ്ങളുടെ തിരക്കഥകൃത്തായിരുന്നു അദ്ദേഹം.അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അതര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ ആണ് അദ്ദേഹം സംവിധാനം ചെയ്തത്