പ്രത്യാശയുടെ പുതുവര്‍ഷം

മാർ ജോസ് പുളിക്കൽ

ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവച്ച് രണ്ടായിരത്തി ഇരുപത്തിനാല് വിടചൊല്ലി. നന്മയുടെ സ്വപ്നങ്ങളുമായി പുത്തനാണ്ടിലേയ്ക്ക് നമ്മള്‍ പ്രവേശിച്ചു കഴിഞ്ഞു; 2025!.കടന്നുപോയ വത്സരത്തില്‍ സന്തോഷവേളകള്‍ക്കൊപ്പം തിക്താനുഭവങ്ങളും നമ്മുടെ വഴികളില്‍ കൂട്ടിനുണ്ടായിരുന്നു.എല്ലാമൊരു പാഠശാലയായിരുന്നുവെന്നത് പരമാര്‍ത്ഥം. പക്ഷെ ഭാവാത്മകമായി സമീപിക്കണമെന്നു മാത്രം. ദൈവപരിപാലനയുടെ തണലില്‍ അനുഭവങ്ങളെയും അവസരങ്ങളെയുംതിരിച്ചറിഞ്ഞ് സ്വീകരിക്കാന്‍കഴിഞ്ഞാല്‍ നമ്മള്‍ വിജയിക്കും. അപ്പോള്‍ എല്ലാം അനുഗ്രഹത്തിന്‍റെ വഴികളായി പരിണമിക്കും. ദൈവവചനം നമ്മോടു സംസാരിക്കുന്നതിങ്ങനെ:”ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” (റോമാ 8:28).പുതുവത്സരത്തിലേക്ക് ‘പ്രത്യാശയുടെ തീര്‍ത്ഥാടകരാ’യിട്ടാണ് നമ്മള്‍ ചുവടുവയ്ക്കേണ്ടത്. മിശിഹാക്കാലം 2025മഹാജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യാശയുടെ തീര്‍ത്ഥാടകരാകുവാനുള്ളആഹ്വാനം സഭയ്ക്ക് നല്‍കി. അശാന്തവും കലുഷിതവുമായ ലോകത്തില്‍ ശാന്തിദൂതരായിത്തീരാന്‍ നമുക്കു കടമയുണ്ട്.തിന്മകളുടെ ഇരുള്‍പരക്കുന്ന മരണസംസ്കൃതിയില്‍പ്രതീക്ഷയുടെ നാളം തെളിക്കാന്‍ നമ്മള്‍ നിയുക്തരാണ്.ലോകത്തിന്‍റെ പ്രകാശമായി ഉദിച്ചുയര്‍ന്ന മിശിഹായെ ഹൃദയത്തില്‍ സ്വീകരിച്ചു മുന്നേറുമ്പോഴാണിത് സാധ്യമാകുന്നത്.അപരന്‍റെ സങ്കടങ്ങളിലേക്ക്, കണ്ണീര്‍വഴികളിലേക്ക് തുറക്കുന്ന ഹൃദയവാതിലുകളാണ് നമുക്കാവശ്യം. ‘യുദ്ധഭൂമിയിലെ ആതുരാലയമാകണം സഭ’ എന്ന ആഹ്വാനമാണ് ഫ്രാന്‍സിസ് പാപ്പ ‘സുവിശേഷത്തിന്‍റെ ആനന്ദം’ എന്ന അപ്പോസ്തോലിക പ്രബോധനത്തിലൂടെ നമുക്കിന്നു നല്‍കുന്നത്. ആര്‍ദ്രസ്നേഹത്തോടെ സഹോദരര്‍ക്ക് കാവലും കരുതലുമായി നമ്മള്‍ മാറുമ്പോഴാണ് പുതുവര്‍ഷം കൃപ നിറഞ്ഞതായിത്തീരുന്നത്.ഒന്നുകൂടി ചുവടുകിളച്ചു വളമിട്ട് ശ്രദ്ധാപൂര്‍വ്വം പരിചരിച്ചാല്‍ നമ്മുടെ ജീവിതവൃക്ഷം നല്ല ഫലങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ദൈവം. നന്മയുടെ ഫലങ്ങള്‍ പങ്കുവയ്ക്കാന്‍ ജീവിതത്തില്‍ ഒരവസരം കൂടി ലഭിച്ചിരിക്കുന്നു. സാമൂഹ്യപ്രതിബദ്ധതയോടെ നന്മ ചെയ്യുക സഭയുടെ ദൗത്യമാണ്. എല്ലാവര്‍ക്കുമായി തുറന്നിട്ട ജാലകങ്ങളാണ് തിരുസ്സഭയാകുന്ന നമ്മുടെ കുടുംബവീടിനുള്ളത്. സഭയുടെ കൂട്ടായ്മയില്‍ ചേര്‍ന്നുനിന്ന് ‘ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവു’മായി ജീവിക്കാന്‍, മിശിഹായ്ക്കു സാക്ഷികളാന്‍ ഈ പുതുവര്‍ഷം നമ്മെ ക്ഷണിക്കുന്നു. മിശിഹായുടെ വഴികളിലൂടെ ജീവിതപരിസരങ്ങളെ വീക്ഷിക്കാനും നിലപാടു സ്വീകരിക്കാനും ഏവര്‍ക്കും കഴിയട്ടെയെന്ന പ്രാര്‍ത്ഥനയോടെ പുതുവര്‍ഷത്തിന്‍റെ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം നേരുന്നു.