സംസ്ഥാനത്ത് സൂര്യതാപത്തിന് സാധ്യത; തൊഴില്‍ സമയം മാറ്റാന്‍ നിര്‍ദേശം നല്‍കിയേക്കും

സംസ്ഥാനത്ത് സൂര്യതാപത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില ഇനിയും ഉയരുകയാണെങ്കില്‍ തൊഴില്‍ സമയം മാറ്റാന്‍ നിര്‍ദേശം നല്‍കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. തിരദേശ പ്രദേശങ്ങളിലും പാലക്കാടും, പുനലൂരിലും ഉഷ്ണ താപത്തിന് സാധ്യത

താപനില ഉയരുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നേര്‍ത്ത ഇളം നിറത്തിലുള്ള ലൂസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക

കടുത്ത നിറങ്ങള്‍ ചൂട് കൂടുതല്‍ ആകരിക്കുകയും ഇത് വഴി ശരീരത്തില്‍ ഏല്‍ക്കുന്ന ചൂടിന്റെ അളവ് വര്‍ധിക്കുകയും ചെയ്യും. മാത്രമല്ല ഇറക്കിയ വസ്ത്രങ്ങള്‍ വിയര്‍ക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിന് ചൂട് പുറത്ത് കളയാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

നിര്‍ജ്ജലീകരണം തടയുക

ചൂട് കാലത്ത് വിയര്‍ക്കുന്നതിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഒരുപാട് വെള്ളം കുടിയ്ക്കാനും ജലത്തിന്റെ അളവ് ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങള്‍ കഴിക്കാനും ജ്യൂസ് കുടിയ്ക്കാനും ശ്രദ്ധിക്കണം. അത്പോലെ കാപ്പിയും ചായയും ഒഴിവാക്കുന്നത് ഉത്തമമാണ്.

ധാരാളം പഴവും പച്ചക്കറികളും കഴിക്കുക

എരിവുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനും നിര്‍ജ്ജലീകരണം തടയാനും സഹായിക്കും.

ഉച്ചസമയങ്ങളില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക

ചൂട് ഉച്ചസ്ഥയിയില്‍ ആയിരിക്കുന്ന സമയങ്ങളില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള സമയങ്ങളില്‍ വെയില്‍ കൊള്ളാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

കുട്ടികളെയും, പ്രായമായവരെയും, ഗര്‍ഭിണികളെയും (Pregnant), ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം. കൂടാതെ വെള്ളം കുറച്ചു കുടിക്കുന്നവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു.