കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്നും സമരം നടത്തും.അത്യാഹിത വിഭാഗങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് കെജിഎംഒഎ അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്കരിക്കുന്നതിനും ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചു.
ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓര്‍ഡിനന്‍സ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക, സിസിടിവി ഉള്‍പ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക, അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആംഡ് റിസര്‍വ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.
പൊലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക, കൃത്യവിലോപം നടത്തിയ പൊലീസുകാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുക, അത്യാഹിത വിഭാഗത്തില്‍ ഒരു ഷിഫ്റ്റില്‍ 2 CMO മാരെ ഉള്‍പ്പെടുത്താന്‍ സാധിക്കും വിധം കൂടുതല്‍ CMO മാരെ നിയമിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധ നടപടികള്‍ തുടരാനാണ് കെജിഎംഒഎയുടെ തീരുമാനം.
കെജിഎംഒഎയ്ക്ക് പുറമെ ഐഎംഎയും സമരം പ്രഖ്യാപിച്ചു. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവ സമയം മൂന്നിലധികം പൊലീസുകാര്‍ ഉണ്ടായിട്ടും ഇയാളെ കീഴ്‌പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഇതെല്ലാം ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യുവമോര്‍ച്ചയുടെയും ആഭിമുഖ്യത്തില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് കൊട്ടാരക്കരയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം റിമാന്‍ഡിലായ പ്രതി സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഉടന്‍ പ്രതിയെ തെളിവെടുപ്പിനെത്തിക്കും. കൊലപാതകം നടന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാരുടേയും പൊലീസുകാരുടേയും വിശദമായ മൊഴിയെടുപ്പും ഇന്ന് നടക്കും. പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രതിക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് ഈ നടപടി വൈകിപ്പിക്കുന്നത്.


 
							