ന്യൂനപക്ഷ ക്ഷേമ പദ്ധതിയിൽ വിദഗ്ധ സമിതിയെ വെച്ചത് നടപടികൾ വൈകിപ്പിക്കാനെന്ന് ലീഗ്

ന്യൂനപക്ഷ ക്ഷേമ അനുപാതം നിശ്ചയിക്കാനുള്ള വിദഗ്ധ സമിതി സര്‍വകക്ഷി യോഗ തീരുമാന പ്രകാരമല്ലെന്ന് ആവര്‍ത്തിച്ചു മുസ്‌ലിം ലീഗ്‌. യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും പറഞ്ഞില്ലെന്നു പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സച്ചാര്‍ കമ്മിറ്റി നിര്‍ദേശം അതേപടി നടപ്പാക്കണമെന്നാണ് ലീഗ് നിലപാടെന്നും നേതാക്കള്‍ പറഞ്ഞു.

വിദഗ്ധ സമിതിയെ നിശ്ചയിക്കാനുള്ള തീരുമാനത്തെ ലീഗ് എതിര്‍ത്തില്ലെന്ന ഐ.എന്‍.എല്‍ ആരോപണത്തെ യോഗത്തില്‍ ലീഗ് പ്രതിനിധിയായി പങ്കെടുത്ത കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. ലീഗ് നിലപാട് യോഗത്തില്‍ വ്യക്തമാക്കിയെന്നും സര്‍ക്കാര്‍ നിലപാട് ആരാഞ്ഞപ്പോള്‍ ഇനിയും ചര്‍ച്ച നടത്താമെന്നു മാത്രമാണ് മറുപടി നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

അനുപാതം റദ്ദാക്കിയ കോടതി വിധിയില്‍ സര്‍ക്കാര്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് ഇത് പ്രശ്നം സങ്കീര്‍ണമാക്കുകയാണ്. തീരുമാനം നീട്ടിക്കൊണ്ട് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു . പാലൊളി കമ്മീഷന്‍ നിര്‍ദേശമാണ് കോടതി വിധിയിലൂടെ റദ്ദായതെന്നും സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശം സര്‍ക്കാരിന് നടപ്പിലാക്കാവുന്നതേ ഉള്ളൂവെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ വിശദീകരിച്ചു.https://www.youtube.com/embed/DsDAB0hyLO4?playsinline=1&modestbranding=1&fs=0&autoplay=1&loop=1&mute=1&enablejsapi=1&origin=http%3A%2F%2Fapi-news.dailyhunt.in&widgetid=1