നിര്‍ണായക ഘട്ടം പിന്നിട്ട് ചാന്ദ്രയാന്‍; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡറിനെ വേര്‍പ്പെടുത്തി

നിര്‍ണായക ഘട്ടം പിന്നിട്ട് ചാന്ദ്രയാന്‍; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡറിനെ വിജകരമായി വേര്‍പെടുത്തിയായി ഐ എസ് ആര്‍ ഒ അറിയിച്ചു.നാളെ വൈകീട്ട് നാലിന് ആസൂത്രണം ചെയ്ത ഡീബൂസ്റ്റിംഗില്‍ ലാൻഡര്‍ മൊഡ്യൂള്‍ അല്പം താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങാൻ സജ്ജമാണെന്നും ഐ എസ് ആര്‍ ഒ വ്യക്തമാക്കി. ഓഗസ്റ്റ് 23 ന് വൈകുന്നേരം 05:30 ന് ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.

22 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ഓഗസ്റ്റ് 5 ന് വൈകുന്നേരം 7:15 നാണ് ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചാന്ദ്രയാൻ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചപ്പോള്‍ അതിന്റെ ഭ്രമണപഥം 164 കി.മീ x 18,074 കി.മീ ആയിരുന്നു. ഭ്രമണപഥത്തില്‍ പ്രവേശിക്കുമ്ബോള്‍, അതിന്റെ ഓണ്‍ബോര്‍ഡ് ക്യാമറകള്‍ ചന്ദ്രന്റെ ചിത്രങ്ങള്‍ പകര്‍ത്തി അയച്ചിരുന്നു. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ ഈ ചിത്രങ്ങളില്‍ വ്യക്തമായി കാണാം.

ലാൻഡര്‍, റോവര്‍, പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ എന്നിവയാണ് ചന്ദ്രയാനിലുള്ളത്. ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി 14 ദിവസം പരീക്ഷണം നടത്തും. പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തങ്ങി ഭൂമിയില്‍ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച്‌ പഠിക്കും. ഈ ദൗത്യത്തിലൂടെ ഐഎസ്‌ആര്‍ഒ ചന്ദ്രനില്‍ ജലം തേടും.